Section

malabari-logo-mobile

ജയാരവം മുഴങ്ങിയത് എതിര്‍ സ്ഥാനാര്‍ത്ഥിയുടേത്……………പക്ഷെ ജയിക്കാനായി ജനിച്ച നഹ തോറ്റില്ല.

HIGHLIGHTS : മുന്‍ ഉപമുഖ്യമന്ത്രിയും തന്റെ പിതാവുമായ അവുക്കാദര്‍ക്കുട്ടിനഹയുടെ തെരഞ്ഞെടുപ്പുകാല ഓര്‍മ്മകള്‍ വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് മലബാറി ന്യൂസിനോട...

മുന്‍ ഉപമുഖ്യമന്ത്രിയും തന്റെ പിതാവുമായ അവുക്കാദര്‍ക്കുട്ടിനഹയുടെ തെരഞ്ഞെടുപ്പുകാല
ഓര്‍മ്മകള്‍ വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് മലബാറി ന്യൂസിനോട് പങ്കുവെക്കുന്നു.

abdu rubbപരപ്പനങ്ങാടി : 1975 മുതല്‍ 1987 വരെ നീണ്ട മൂന്ന് പതിറ്റാണ്ടു കാലം ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എയും മന്ത്രിയും ഉപമുഖ്യമന്ത്രിയുമായി റെക്കോര്‍ഡ് തീര്‍ത്ത നിയമസഭസാമാജികന്‍, പ്രാദേശിക തലം മുതല്‍ പാര്‍ട്ടിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷ പദം വരെ അലങ്കരിച്ച രാഷ്ട്രീയ നേതാവ് എന്നീ നിലകളില്‍ വര്‍ത്തിച്ച അവുക്കാദര്‍ക്കുട്ടിനഹയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറിച്ച് മകനും മന്ത്രിയുമായ പികെ അബ്ദുറബ്ബിന് പറയാനേറെ.

sameeksha-malabarinews

നേരത്തെ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് അംഗമായിരുന്ന നഹസാബിബ് 1957 ല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയും അടുത്ത ബന്ധുവുമായ പരപ്പനങ്ങാടിയിലെ അച്ചമ്പാട്ട് കുഞ്ഞാലിക്കുട്ടി എന്ന ബാവഹാജിക്കെതിരെ തിരൂരങ്ങാടിയില്‍ ആദ്യാങ്കം കുറിച്ച് തുടങ്ങിയ വിജയം 87 വരെ തുടര്‍ന്നു. അങ്ങിനെ നഹ ജയിക്കാനായി ജനിച്ച നഹയായി. 1967 ല്‍ മുസ്ലീം ലീഗിന് ആദ്യമായി ഇ എം എസ് മന്ത്രിസഭയില്‍ പ്രവേശനം ലഭിച്ചതോടെ മന്ത്രിയായത് അഹമ്മദ്കുരിക്കളും സി്എച്ചും . 1970 ല്‍ കുരിക്കള്‍ മന്ത്രിയായിരിക്കെ മരണപ്പെട്ടതോടെ നറുക്ക് വീണത് അവുക്കാദര്‍ക്കുട്ടി നഹക്ക്.

ഇതിനിടക്ക് മുന്നണി രാഷ്ട്രീയത്തിലെ ഉരുള്‍പ്പൊട്ടല്‍ മൂലം സിപിഐ – ലീഗ് – കോണ്‍ഗ്രസ്സ് സപ്ത കക്ഷി മുന്നണി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ സി. അച്യുതമേനോന്‍ മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സന്നദ്ധമായ കാലം. അത് അവുക്കാദര്‍ക്കുട്ടിനഹയുടെ ജീവിതത്തിലെ അഗ്നിപരീക്ഷണത്തിന്റെ സമയമായിരുന്നു. 1967 ലെ തെരഞ്ഞെടുപ്പില്‍ പ്രധാന എതിരാളിയായിരുന്ന ഇടതു സ്ഥാനാര്‍ത്ഥി നഹയുടെ മറ്റൊരു അടുത്ത ബന്ധു അഡ്വ. ടി.പി കുഞ്ഞാലിക്കുട്ടിയായിരുന്നു. കടുത്ത മത്സരം നടന്ന അക്കാലത്ത് ആയിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു നഹ ജയിച്ചു കയറിയത്. അതേസമയം 1970 ല്‍ കോണ്‍ഗ്രസ്സ് സംസ്ഥാന വ്യാപകമായി ലീഗിനോടൊപ്പമുണ്ടെങ്കിലും മലപ്പുറത്തെ കോണ്‍ഗ്രസ്സ് നേതൃത്വം പാര പണിയുമെന്ന കാര്യം പരസ്യമായിരുന്നു. അന്നും ഇന്നും ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ അവസാന വാക്കായി ദേശീയ മുസ്ലീം ധാരയുടെ നേതാവ് ഒരാളാണെങ്കിലും തെരഞ്ഞെടുപ്പ് മുന്നണി രാഷ്ട്രീയത്തിന്റെ വരും വരായികള്‍ ഓര്‍ത്ത് നേതാവിന്റെ പേര് വ്യക്തമാക്കുന്നത് ബുദ്ധി ശൂന്യം. അക്കാലത്ത് ഏആര്‍ നഗറിലെ ആസാദിന്റെ നേതൃത്വത്തില്‍ തിരൂരങ്ങാടിയില്‍ കോണ്‍ഗ്രസ്സ് ശക്തമായതിനാല്‍ അവുക്കാദര്‍ക്കുട്ടി നഹയോട് യോട് തിരൂരങ്ങാടി മണ്ഡലത്തില്‍ നിന്ന് മാറി മറ്റേതെങ്കിലും സുരക്ഷിത മണ്ഡലം തെരഞ്ഞെടുക്കണമെന്ന് ലീഗ് അദ്ധ്യക്ഷനായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ ഉപദേശിച്ചു. എന്നാല്‍ സ്വന്തം മണ്ണില്‍ നിന്ന് മാറി നില്‍ക്കാന്‍ താല്‍പ്പര്യമില്ലെന്നും, മത്സരിക്കാതിരിക്കാം പക്ഷെ മത്സരിക്കുന്നെങ്കില്‍ അത് തിരൂരങ്ങാടിയില്‍ തന്നെ, നഹ നല്‍കിയ മറുപടിയില്‍ പാര്‍ട്ടി മിഷണറി ആകെ ഉണര്‍ന്നു.

അതിന് മുമ്പോ, പിമ്പോ അങ്ങനെയൊരു പ്രവര്‍ത്തനമുണ്ടായിട്ടില്ല. സൂക്ഷ്മതയോടെയും സമര്‍പ്പണത്തോടെയും ആത്മവിശ്വാസത്തോടെ അങ്കത്തിനിറങ്ങിയാല്‍ വിജയം സുനിശ്ചിതമാണെന്നതിന്റെ അനുഭവ പാഠമാണ് 1970 ലെ തെരഞ്ഞെടുപ്പെന്ന് അക്കാലത്തെ അലിഗഡ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ അബ്ദുറബ്ബ് ഓര്‍ക്കുന്നു.
1957 ല്‍ ആദ്യാങ്കം കുറിച്ച അച്ചമ്പാട്ട് കുഞ്ഞാലിക്കുട്ടി എന്ന ബാവഹാജി തന്നെയായിരുന്നു എതിരാളി. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ലീഗും ലീഗ് വിരുദ്ധരും നേരിട്ടേറ്റുമുട്ടിയ കാലം. കണക്കിലും പ്രചരണത്തിലും നഹ പിറകില്‍. ലീഗ് നേതാവ് എംകെ ഹാജി രക്ഷയുടെ യാത്രാകപ്പലിറക്കിയെന്ന് പഴമക്കാരായ ലീഗ് കാരണവന്‍മാര്‍ പറയുന്നു. ബാംഗ്ലൂരി (ബംഗ്ലൂരു) ലും, ചെന്നൈ (മദ്രാസ്) ലും തൊഴിലെടുക്കുന്ന തിരൂരങ്ങാടി മണ്ഡലത്തിലെ മുഴുവന്‍ വേട്ടര്‍മാരെയും സ്വന്തം വാഹനത്തില്‍ സ്വന്തം ചെലവില്‍ എംകെ ഹാജി മണ്ഡലത്തിലെത്തിച്ചത് ചരിത്രത്തിന്റെ ഭാഗം. ഒപ്പ കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന കടലുണ്ടി പഞ്ചായത്ത് അക്കാലത്ത് തിരൂരങ്ങാടി മണ്ഡലത്തിന്റെ ഭാഗമായിരുന്നു. കോഴിക്കോട് ഡിസിസിക്ക് കൂടെ നില്‍ക്കുന്നവരെ  പാരവെക്കാനറിയാത്തതിനാല്‍ മറ്റു പഞ്ചായത്തുകളെല്ലാം നഹയെ കൈവിട്ടപ്പോള്‍ പികെ അപ്പുട്ടി നേതൃത്വം നല്‍കിയ കടലുണ്ടിയിലെ കോണ്‍ഗ്രസ്സ് നേതൃത്വം നഹയെ തുണച്ചു. കടലുണ്ടിയാണ് അന്ന് നഹ കരകയറ്റിയത്. എന്നാല്‍ കൗണ്ടിംഗ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വിവരം തിരൂരങ്ങാടിയില്‍ കൗതുകവും അമ്പരപ്പും സമ്മാനിച്ചു. തിരൂരങ്ങാടിയും, തിരൂരും വോട്ടെണ്ണല്‍ കേന്ദ്രം തിരൂരായിരുന്നു. ബാവഹാജി വിജയിച്ചെന്ന വാര്‍ത്ത പരപ്പനങ്ങാടിയിലെത്തിയതോടെ ലീഗ് വിരുദ്ധ കേന്ദ്രങ്ങള്‍ ആഹ്ലാദപ്രകടനത്തിന് കോപ്പുക്കൂട്ടി. വിജയാരവം തുടങ്ങിയതും ജയിച്ച ബാവഹാജി തിരൂര്‍ മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ത്ഥി മൊയ്തീന്‍കുട്ടി എന്ന ബാവഹാജിയാണെന്ന ചിത്രം വ്യക്തമായതോടെ തരിച്ച് നിന്ന ലീഗ് കേന്ദ്രങ്ങള്‍ ചലിച്ചു. ആരവം മുഴക്കിയ കോണ്‍ഗ്രസ്സ് കേന്ദ്രങ്ങള്‍ വിറച്ചു

. 1982 ലാണ് തിരൂരങ്ങാടി മണ്ഡലത്തിലെ ഗ്ലാമര്‍ തെരഞ്ഞെടുപ്പ് അതുവരെ അവുക്കാദര്‍ക്കുട്ടി നഹയുടെ പ്രചരണ പോസ്റ്ററുകളിലൊന്നും ഫോട്ടോ പതിച്ചിരുന്നില്ല. കളര്‍ പോസ്റ്ററുകള്‍ എന്തെന്നറിഞ്ഞിരുന്നില്ല. ന്യൂസ്പ്രിന്റില്‍ പച്ച മഷിയില്‍ കോണി ചിഹ്നം വരച്ച് നഹക്ക് വോട്ട് തേടും അതായിരുന്നു രീതി. എന്നാല്‍ 1982 ല്‍ നഹയുടെ എതിരാളിയായി ഇന്നത്തെ ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ എംഎല്‍എ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായതോടെ വര്‍ണ്ണപോസ്റ്ററുകളിറങ്ങി. ഖാദറിന്റെ പ്രചരണത്തിന് ബദലായി അതേ നാണയത്തില്‍ ലീഗും കളര്‍ പോസ്റ്റര്‍ ഇറക്കി. ഖാദര്‍ താര പരിവേഷത്തോടെയായിരുന്നു അക്കാലത്ത് മണ്ഡലത്തില്‍ കറങ്ങിയതെന്നും എംജിആര്‍ സ്‌റ്റൈലായിരുന്നു പ്രസംഗിച്ചിരുന്നതെന്നും മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. നീളന്‍ ജാഥകള്‍, സ്ഥാനാര്‍ത്ഥിക്ക് മാത്രം ഒരു വാഹനം, പെട്രോള്‍മാക്‌സും ഇടവഴികളും ഓര്‍മ്മയില്‍.

. 1982 ല്‍ സിഎച്ച് മുഹമ്മദ് കോയ ഉപമുഖ്യമന്ത്രിയായി.1983 – സിഎച്ച് മുഹമ്മദ്‌കോയ മരണപ്പെട്ടതോടെ ഉപമുഖ്യമന്ത്രി പദവിക്ക് നറുക്ക് വീണത് അവുക്കാദര്‍കുട്ടിനഹക്ക്. അന്ന് നഹ മന്ത്രിയായിരുന്നില്ല . ലീഗിലെ ഇ അഹമ്മദ് മുതല്‍ക്കുള്ള ജൂനിയര്‍ മന്ത്രിമാര്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം തരാനാവില്ലെന്ന് കോണ്‍ഗ്രസ്സിന് ശാഠ്യം. ഇതോടെ പാര്‍ട്ടി നിര്‍ബന്ധിച്ചു നഹ കേരളത്തിന്റെ ഉപമുഖ്യമന്ത്രിയായി. നഹ ജീവിച്ചിരിക്കെ മക്കള്‍ക്ക് അധികാര രാഷ്ട്രീയത്തിന്റെ കോണിവെച്ചു കൊടുക്കാനുള്ള പാര്‍ട്ടിയുടെ എല്ലാ ശ്രമങ്ങളെയും തടഞ്ഞു. തന്റെ പിന്‍ഗാമിയായി സിപി കുഞ്ഞാലിക്കുട്ടികേയിയെ തിരഞ്ഞെടുത്തു. എന്നാല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി മരിക്കുന്നതിന് അഞ്ചുമാസം മുമ്പു നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവുക്കാദര്‍ക്കുട്ടി നഹയുടെ മകന്‍ അബ്ദുറബ്ബിന് മത്സരരംഗത്തേക്ക് വരേണ്ടിവന്നു. ബാപ്പയുടെ ത്യാഗസമ്പന്നമായ രാഷ്ട്രീയജീവിതം തന്നെയാണ് തന്റെ മാര്‍ഗദര്‍ശനമെന്ന് മന്ത്രി അബ്ദുറബ്ബ് അടിവരയിടുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!