സൈനികരുടെ വധം : സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു

ന്യൂഡല്‍ഹി ; ജമ്മു കശ്മീരില്‍ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി തലയറുത്ത സംഭവത്തില്‍ പാകിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചു. പാക് കരസേനയാണ് സംഭവത്തിനുപിന്നിലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിദേശ സെക്രട്ടറി എസ് ജയ്ശങ്കര്‍ പാകിസ്ഥാന്‍ സ്ഥാനപതി അബ്ദുള്‍ ബാസിതിനോട് ആവശ്യപ്പെട്ടു.

സൈനികരെ കൊലപ്പെടുത്തിയതില്‍ പാക് സൈന്യത്തിനുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകളും ബാസിതിന് കൈമാറി. എന്നാല്‍, സൈനികരെ കൊലപ്പെടുത്തിയതില്‍ പാക് കരസേനയ്ക്ക് ഒരു പങ്കുമില്ലെന്ന നിലപാടാണ് അബ്ദുള്‍ബാസിത് സ്വീകരിച്ചത്.

നിയന്ത്രണരേഖയില്‍ പാക്സേന നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യ പാകിസ്ഥാന് നല്‍കിയിട്ടുള്ള ഏറ്റവും അനുകൂലിക്കുന്ന രാജ്യം’ (എംഎഫ്എന്‍) എന്ന പദവി റദ്ദാക്കാന്‍ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ളെയാണ് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ പ്രതിഷേധം സ്ഥാനപതിയെ വിളിച്ചുവരുത്തലില്‍ തല്‍ക്കാലം ഒതുങ്ങും.

ഏതെങ്കിലുമൊരു രാജ്യത്തിന് എംഎഫ്എന്‍ പദവി നല്‍കുന്നത് ലോക വ്യാപാരസംഘടനയിലെ ധാരണയുടെ ഭാഗമായാണെന്ന് ഗോപാല്‍ ബാഗ്ളെ പറഞ്ഞു. പാകിസ്ഥാന് നല്‍കിയിട്ടുള്ള എംഎഫ്എന്‍ പദവി ഡബ്ള്യുടിഒ ബാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യക്ക് റദ്ദാക്കാനാകില്ല.

സൈനികരുടെ തലയറുത്ത സംഭവത്തില്‍ പാക്സൈന്യത്തിന്റെ പങ്ക് വെളിവാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച രക്തസാമ്പിളുകള്‍ പാക്സൈന്യത്തിന്റെ പങ്കാളിത്തത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സംഭവസ്ഥലത്തുനിന്ന് രണ്ടുസെറ്റ് രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതില്‍ ഒരു സെറ്റിലെ രക്തക്കറ നീളുന്നത് നിയന്ത്രണരേഖയിലുള്ള റോസാ നാളയിലേക്കാണ്. നിയന്ത്രണരേഖ കടന്നെത്തിയ പാക് സൈനികര്‍ കൃത്യം നടത്തിയശേഷം തിരിച്ച് നിയന്ത്രണരേഖ കടന്നുപോയെന്ന് വ്യക്തമാക്കുന്ന തെളിവാണിത്.

പാക് അധീന കശ്മീരില്‍നിന്നാണ് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയവര്‍ എത്തിയത്. കൃത്യനിര്‍വഹണത്തിനുശേഷം അവര്‍ പാക് അധീന കശ്മീരിലേക്ക് മടങ്ങുകയും ചെയ്തു. ഇന്ത്യക്ക് രണ്ടു കാര്യം വ്യക്തമാണ്. ഒന്ന്, കൃഷ്ണ ഘാട്ടിയില്‍ നുഴഞ്ഞുകയറ്റം നടന്നിട്ടുണ്ട്. രണ്ട്, കുറ്റം നടത്തിയവര്‍ പാക് സൈനികര്‍തന്നെയാണ്്.

നയതന്ത്രതലത്തില്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ യഥാര്‍ഥ ചിത്രം അന്താരാഷ്ട്രസമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്. ഇന്ത്യ സന്ദര്‍ശിച്ച ലോകനേതാക്കളെല്ലാംതന്നെ തങ്ങളുടെ പ്രസ്താവനയില്‍ ഈ വിഷയത്തെ പരാമര്‍ശിക്കുന്നുണ്ട്- ബാഗ്ളെ പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെയാണ് പാക് സ്ഥാനപതി അബ്ദുള്‍ ബാസിത് വിദേശ സെക്രട്ടറി എസ് ജയ്ശങ്കര്‍ മുമ്പാകെ എത്തിയത്.