ഷൂമാക്കര്‍ കോമയില്‍ ; നില ആശങ്കാജനകം

131230104111-schumacher-skiing-1-horizontal-galleryപാരീസ് : സ്‌കീയിങ്ങിനിടെ വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ മൈക്കല്‍ ഷൂമാക്കറിന്റെ നില ആശങ്കാജനകമായി തുടരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതയില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. വളരെ ഗുരുതരാവസ്ഥയിലുളള അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് ഒന്നും വ്യക്തമായി പറയാന്‍ കഴിയില്ലെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്.

അപകടത്തെ തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നെങ്കിലും വൈകാതെ ബോധം നഷ്ടമാവുകയായിരുന്നു. അതേസമയം ഷൂമാക്കര്‍ കോമയിലാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

ഞായറാഴ്ച രാവിലെ മകന്‍ മൈക്കിളുമൊത്ത് ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വ്വത നിരകളിലുള്ള മെറിബല്‍ റിസോര്‍ട്ടില്‍ സ്‌കീയിങ് പ്രാക്ടീസ് നടത്തുന്നതിനിടയിലാണ് ഷൂമാക്കര്‍ അപകടത്തില്‍ പെട്ടത്. ബാലന്‍സ് തെറ്റി ഷൂമാക്കറുടെ തല സമീപത്തുള്ള ഒരു പാറയില്‍ ഇടിക്കുകയായിരന്നു. തലക്ക് സരമായി പരിക്കേറ്റ ഷൂമാക്കറെ ഉടന്‍ തന്നെ ഹെലികോപ്റ്ററില്‍ മൗട്ടിയേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടസമയത്ത് അദ്ദേഹം തലയില്‍ ഹെല്‍മറ്റ് ഇട്ടിരുന്നു എന്നും വീണസമയത്ത് ഹെല്‍മറ്റ് പാറയില്‍ തട്ടിയുണ്ടായ ഉച്ചത്തിലുള്ള ശബ്ദം കേട്ടിരുന്നതായി രക്ഷാ പ്രവര്‍ത്തകര്‍ പറഞ്ഞു. ഹെല്‍മറ്റ് ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തെ ജീവനോടെ ലഭിക്കില്ലായിരുന്നു എന്ന് മെഡിക്കല്‍ സംഘം പറയുന്നു. അപകടം നടന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഇപ്പോഴും വഷളായി തുടരുകയാണ്. ഷുമാക്കറിന്റെ ഭാര്യ കൊറീന, മക്കളായ ജിനാ മറിയ, മൈക്ക് എന്നിവര്‍ ആശുപത്രിയില്‍ തന്നെയുണ്ട്. ഏഴ് ലോക കിരീടങ്ങള്‍ വെട്ടിപിടിച്ച് 2006 ല്‍ രംഗം വിട്ട ഷൂമാക്കര്‍ വേഗ പോരാട്ടത്തില്‍ മതി വരാതെ 2010 ല്‍ വീണ്ടും മല്‍സര രംഗത്ത് എത്തുകയായിരുന്നു. എന്നാല്‍ പഴയതുപോലെ പെര്‍ഫോം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തെ തുടര്‍ന്ന് അദ്ദേഹം വീണ്ടും കളം വിടുകയായിരുന്നു നാല്‍പ്പതിനാലുകാരനായ ഷൂമാക്കര്‍. ഷൂമാക്കറിന്റെ അപകട വാര്‍ത്ത അദ്ദേഹത്തിന്റെ ആരാധകരെ മാത്രമല്ല ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.