കൊച്ചി മെട്രോ നൂറുശതമാനവും പ്രവര്‍ത്തനസജ്ജം;കെഎംആര്‍എല്‍

കൊച്ചി: കൊച്ചി മെട്രോ നൂറുശതമാനവും പ്രവര്‍ത്തനസജ്ജമാണെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് അറിയിച്ചു. പ്രവര്‍ത്താനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മെട്രോ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പുള്ള അന്തിമ പരിശോധനയ്ക്ക് ഇന്ന് തുടക്കമാകും. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള റൂട്ടിലാണ്, മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ കെ എ മനോഹരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പരിശോധന നടത്തുക.

ഇന്ന് മുതല്‍ അഞ്ചാം തിയതി വരെയാണ് പരിശോധന. മെട്രോ ബോഗികളുടെയും പാളങ്ങളുടെയും സുരക്ഷ, സിഗ്നല്‍ സംവിധാനങ്ങള്‍ എന്നിവയാണ് സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമായും പരിശോധിക്കുന്നത്. ഒപ്പം ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനം, ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിലെ സൌകര്യങ്ങള്‍ എന്നിവയും പരിശോധിക്കും. മെട്രോയുടെ വൈദ്യതി വിതരണ സംവിധാനവും ട്രാക്കിലേക്ക് വൈദ്യുതി എത്തിക്കുന്ന തേര്‍ഡ് റെയില്‍ ട്രാക്ഷനും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ നേരത്തെ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.

ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള റൂട്ടില്‍, 11 സ്റ്റേഷനുകളാണുള്ളത്. ആധുനിക സംവിധാനങ്ങളോടെ നിര്‍മിക്കുന്ന സ്റ്റേഷനുകളില്‍ ഒന്‍പത് എണ്ണത്തിന്റെയും പണി പൂര്‍ത്തിയായിട്ടുണ്ട്. ചങ്ങമ്പുഴ പാര്‍ക്ക്, ഇടപ്പള്ളി സ്റ്റേഷനുകളിലാണ് ഇനി അല്‍പം നിര്‍മ്മാണം ബാക്കിയുള്ളത്. പരിശോധന പൂര്‍ത്തിയാക്കി കമ്മീഷണറുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ, 13 കിലോ മീറ്റര്‍ ദൂരം വരുന്ന ആദ്യഘട്ട റൂട്ടില്‍ ട്രയല്‍ റണ്ണിങ് ആരംഭിക്കും. ഉദ്ഘാടനം ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യത്തിലോ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ സമയം കൂടി ലഭിക്കുന്നതോടെയായിരിക്കും ഉദ്ഘാടന ദിവസം നിശ്ചയിക്കുക.