ലൈംഗിക ആരോപണം; മേഘാലയ ഗവര്‍ണര്‍ വി ഷണ്‍മുഖനാഥന്‍ രാജിവെച്ചു

ഷില്ലോങ്: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി ഷണ്‍മുഖനാഥന്‍ രാജിവെച്ചു. 67 കാരനായ ഗവര്‍ണര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് രാജ്ഭവന്‍ ജീവനക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. ജീവനക്കാര്‍ ഇക്കാര്യത്തിലുള്ള തങ്ങളുടെ പരാതി രേഖപ്പെടുത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നിവര്‍ക്ക് കത്തയച്ചു.

ഗവര്‍ണറെ നീക്കം ചെയ്ത് രാജ്ഭവന്റെ അന്തസ്സ് പുനഃസ്ഥാപിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏകദേശം നൂറോളം ജീവനക്കാരാണ് പരാതിനല്‍കിയിരിക്കുന്നത്. രാജ്ഭവനെ ലേഡീസ് ക്ലബ്ബ് ആക്കി ഗവര്‍ണര്‍ മാറ്റിയെന്നായിരുന്നു പ്രധാന ആരോപണം.

ഗവര്‍ണറുടെ നേരിട്ടുള്ള ഉത്തരവില്‍ സ്വകാര്യ കിടപ്പുമുറി വരെ നിരവധി യുവതികളാണ് എത്തുന്നതെന്നും പരാതിയിലുണ്ട്. ഗവര്‍ണറുടെ സ്ത്രീകളോടുള്ള പെരുമാറ്റം സംബന്ധിച്ച് മറ്റ് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.