മെലിയാനും തൂക്കം കുറയ്‌ക്കാനുള്ള മരുന്ന്‌ മരണകാരണമാകുന്നു; ഖത്തറില്‍ ഇവയ്‌ക്ക്‌ നിരോധനം

images (1)ദോഹ: തൂക്കം കുറക്കാനും മെലിയാനുമുള്ള ഗുളികകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്ന് ആരോഗ്യ സുപ്രിം കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി. ഗുളികയില്‍ അടങ്ങിയ രാസപദാര്‍ഥങ്ങള്‍ ആരോഗ്യത്തിന് ഹാനിയുണ്ടാക്കുമെന്നും മരണം വരെ സംഭവിച്ചേക്കാമെന്നുമാണ് മുന്നറിയിപ്പില്‍ പറയുന്നത്.
തൂക്കം കുറക്കുമെന്നും തടി കുറക്കുമെന്നും പറയുന്ന ഗുളികകള്‍ ഖത്തറില്‍ റജിസ്റ്റര്‍ ചെയ്തവയല്ലെന്നും അവ നിരോധിച്ചിട്ടുണ്ടെന്നും സുപ്രിം ആരോഗ്യ കൗണ്‍സില്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഗുളിക കഴിച്ച് ഒരാള്‍ അയല്‍ രാജ്യങ്ങളിലൊന്നില്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ടെന്നും ഗള്‍ഫ് മേഖലയില്‍ ഈ ഗുളിക പ്രചാരണം നേടുന്നുണ്ടെന്നും ആരോഗ്യ സുപ്രിം കൗണ്‍സിലിന്റെ ഫാര്‍മസി ആന്റ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തടി കുറക്കുമെന്ന് പ്രചരിപ്പിക്കുന്ന ഗുളികയില്‍ രസമാണ് അടങ്ങിയിരിക്കുന്നത്. ഇത് മനുഷ്യശരീരത്തിനും ആരോഗ്യത്തിനും ഹാനികരമാണ്. വിഷമയമായ ഈ രാസപദാര്‍ഥം ഗൗരവമായ പാര്‍ശ്വഫലങ്ങള്‍ക്കോ മരണത്തിനോ കാരണമാകുമെന്ന് കണ്ടെത്തിയതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ മരുന്നുകളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
ഗുളികയില്‍ എന്തൊക്കെ പദാര്‍ഥങ്ങളാണ് അടങ്ങിയിട്ടുള്ളതെന്ന് രേഖപ്പെടുത്തിയിട്ടില്ല. തടി കുറക്കാനുള്ള ശസ്ത്രക്രിയയ്ക്ക് പകരം ഉപയോഗിക്കാമെന്ന വാചകത്തോടെയാണ് സോഷ്യല്‍ മീഡിയകളില്‍ ഈ ഗുളികയുടെ പരസ്യം പ്രത്യക്ഷപ്പെടുന്നത്. ഔഷധക്കൂട്ടുകളടങ്ങിയ ഗുളികയാണ് ഇതെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. ഗുളിക കഴിക്കുന്നതോടെ വിശപ്പ് കുറയുമെന്നും കൊഴുപ്പ് കരിച്ചുകളയുമെന്നുമാണ് പരസ്യം അവകാശപ്പെടുന്നത്. ഖത്തറിന്റെ അയല്‍ രാജ്യങ്ങളില്‍ സോഷ്യല്‍ മീഡിയകളിലൂടെയാണ് ഈ ഗുളിക പ്രചരിച്ചിട്ടുള്ളത്. ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നും സുപ്രിം ആരോഗ്യ കൗണ്‍സില്‍ മുന്നറിയിപ്പില്‍ പറയുന്നു.