മരുന്നുവില കുറയ്ക്കാത്ത മെഡിക്കൽ സ്റ്റോറുകൾക്കു നടപടി: ആരോഗ്യമന്ത്രി

അവശ്യമരുന്നുകളുടെ വില കുറയ്ക്കണമെന്ന മുറവിളി കേന്ദ്രം അംഗീകരിച്ച സാഹചര്യത്തിൽ ആ വിലക്കുറവ് ഉപഭോക്താക്കൾക്കു ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും വില കുറയ്ക്കാത്ത കടയുടമകൾക്കെതിരെ കർശന നടപടി എടുക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജട്ടീച്ചർ ഡ്രഗ്സ് കണ്ട്രോളർക്കു നിർദ്ദേശം നൽകി. ഇതിനായി മെഡിക്കൽ സ്റ്റോറുകളിൽ പരിശോധന നടണം. എന്നാൽ ഈ ഘട്ടത്തിൽ മരുന്നിനു ക്ഷാമം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ചില ഷോപ്പുടമകൾ വിലക്കുറവു നൽകുന്നില്ല. പായ്ക്കറ്റിലുള്ള എംആർപി ആണ് ഈടാക്കുന്നത്. നിലവിലുള്ള സ്റ്റോക്ക് മരുന്നുകമ്പനികൾ തിരിച്ചെടുത്ത് കുറച്ച വില പ്രിന്റ് ചെയ്തു വില്പന നടത്തുകയാണു വേണ്ടത്. ക്ലിയറിങ് ആൻഡ് ഫോർവേഡിങ് ഏജൻസി ഇതിന് ഇടപെടണം. സ്റ്റോക്ക് തിരിച്ചെടുത്താൽ മരുന്നിനു വലിയ ക്ഷാമമുണ്ടാകും എന്നതാണു പുതിയ വില പ്രിന്റ് ചെയ്തുവരാനുള്ള താമസത്തിനു കാരണം. ഇത് എങ്ങനെ പരിഹരിക്കാമെന്നു പരിശോധിക്കണം. എന്തുതന്നെയായാലും, പ്രതിസന്ധിയുണ്ടാകാതെതന്നെ അവശ്യമരുന്നുകളുടെ വിലക്കുറവിന്റെ ഗുണം മുഴുവൻ ഉപഭോക്താക്കൾക്കും ലഭ്യമാക്കണമെന്ന്ശൈലജട്ടീച്ചർ പറഞ്ഞു.