മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍ന്നു

തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം അവസാനിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തില്‍ ബോണ്ട് വിഷയം പരിശോധിക്കുന്നതിന് ചേര്‍ന്ന കമ്മിറ്റിയിയുടെ യോഗത്തിലാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി രേഖാമൂലം അറിയിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രിയുമായി വിദ്യാര്‍ത്ഥികള്‍ നടത്തിയ ചര്‍ച്ചയില്‍ ബോണ്ട് സംബന്ധമായി ഉന്നയിക്കപ്പെട്ട നിര്‍ദ്ദേശം അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതിന്, മുമ്പ് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുള്ള കമ്മിറ്റി ജനുവരി ഒന്നാം തീയതി യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു. ഈ കമ്മിറ്റിയാണ് യോഗം ചേര്‍ന്ന് താഴെപ്പറയുന്ന തീരുമാനമെടുത്തത്.

സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബോണ്ട് കാലാവധി 3 വര്‍ഷം എന്നുള്ളത് 1 വര്‍ഷമാക്കി കുറയ്ക്കും. സൂപ്പര്‍ സ്പഷ്യാലിറ്റി കോഴ്‌സ് കഴിഞ്ഞ് ബോണ്ട് ചെയ്യുന്നവരുടെ ഡെസിഗ്നേഷന്‍ സീനിയര്‍ റെസിഡന്റ് എന്നത് മാറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ (പ്രൊവിഷനല്‍) എന്നാക്കുന്നതാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആവശ്യമായ ഡോക്ടര്‍മാരുടെയും ലഭ്യമായ ഡോക്ടര്‍മാരുടെയും എണ്ണം കണക്കാക്കി പരിശോധിച്ച് ആവശ്യമെങ്കില്‍ നേരത്തെ ബോണ്ട് പൂര്‍ത്തിയാക്കിയവരെ കഴിയുമെങ്കില്‍ ഒഴിവാക്കും. എം.ഡി./എം.എസ്. കഴിഞ്ഞാല്‍ നിര്‍ബന്ധിത ബോണ്ട് 6 മാസമാക്കും. എം.ഡി./എം.എസ്. കഴിഞ്ഞാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നേരിട്ട് അഡ്മിഷന്‍ കിട്ടിയാല്‍ ബോണ്ട് കാലാവധി 1 വര്‍ഷം മാത്രമാകും.