സ്വശ്രയ മെഡിക്കല്‍ ഫീസിന് ഹൈക്കോടതി അനുമതി നല്‍കി

കൊച്ചി :സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഫീസ് റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. അഞ്ചുലക്ഷം രൂപ ഫീസ് വാങ്ങി രണ്ടാംഘട്ട അലോട്ട്മെന്റ് നടത്താന്‍ കോടതി സര്‍ക്കാരിന് അനുമതി നല്‍കി.

ഫീസ് റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി മാനേജ്മെന്റുകളും, കമ്മിറ്റി നിശ്ചയിച്ച ഫീസ്മാത്രം സ്വീകരിച്ച് പ്രവേശനം നടത്തണമെന്ന വിദ്യാര്‍ഥിയുടെ ഹര്‍ജിയും പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങും ജസ്റ്റിസ് രാജാ വിജയരാഘവനും അടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

കോളേജുകള്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടരുതെന്ന് കോടതി നിര്‍ദേശിച്ചു. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട കോളേജുകള്‍ അഞ്ചുലക്ഷം രൂപ കഴിച്ചുള്ള തുകയ്ക്ക് ബാങ്ക്ഗ്യാരന്റി വാങ്ങണം. മുഴുവന്‍ കോളേജുകളും വ്യാഴാഴ്ചയ്ക്കകം ഫീസ്ഘടന പ്രസിദ്ധീകരിക്കണം. വിദ്യാര്‍ഥികള്‍ എന്‍ട്രന്‍സ് കമീഷണറുടെ പേരില്‍മാത്രമേ ഡിഡി എടുക്കാവൂവെന്നും നിര്‍ദേശിച്ചു. കേസ് വീണ്ടും 21ന് പരിഗണിക്കും.