മെഡിക്കല്‍ പ്രവേശന പരീക്ഷ;ശിരോവസ്‌ത്രം ധരിച്ചെത്തിയ കന്യസ്‌ത്രീയെ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല

Untitled-1 copyതിരുവനന്തപുരം: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയ്‌ക്ക്‌ ശിരോവസ്‌ത്രം ധരിച്ചെത്തിയ കന്യാസ്‌ത്രീയെ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല. സിസ്‌റ്റര്‍ സെബ എന്ന കന്യാസ്‌ത്രീക്കാണ്‌ പരീക്ഷയെഴുതാന്‍ കഴിയാതെ മടങ്ങേണ്ടിവന്നത്‌. തിരുവനന്തപുരം ജവഹര്‍സ്‌കൂളിലാണ്‌ സംഭവം നടന്നത്‌.

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ കോപ്പിയടി തടയാനായി സിബിഎസ്‌ഇ കൊണ്ടുന്ന നിബന്ധനകള്‍ ചൂണ്ടിക്കാട്ടിയാണ്‌ അധികൃതര്‍ പരീക്ഷയെഴുതാന്‍ കന്യാസ്‌ത്രീക്ക്‌ അനുവാദം നല്‍കാതിരുന്നത്‌. കോപ്പിയടി തടയാനായി കര്‍ശന പരിശോധനകളാണ്‌ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ മുന്നോടിയായി നടത്തിയത്‌. പരീക്ഷാര്‍ത്ഥികളെ ഗേറ്റില്‍വെച്ചുതന്നെ പരിശോധിച്ചിരുന്നു. ഗേറ്റില്‍വെച്ചുള്ള പരിശോധനയ്‌ക്കുശേഷം കൂടുതല്‍ പരിശോധനയ്‌ക്കായി ക്യൂ നിന്ന സിസ്‌റ്ററെ പ്രിന്‍സിപ്പല്‍ വിളിപ്പിക്കുകയായിരുന്നു. ശിരോവസ്‌ത്രവും കുരിശും ഊരിയശേഷമേ പരീക്ഷയെഴുതാന്‍ പറ്റൂ എന്നാണ്‌ അറിയിച്ചത്‌.

ശിരോവസ്‌ത്രവും കുരിശും ഊരിവെക്കാന്‍ താന്‍ തെയ്യാറാണെന്നും എന്നാല്‍ തനിക്ക്‌ പരീക്ഷയെഴുതാന്‍ പ്രത്യേക മുറി അനുവദിക്കണമെന്നും സിസ്റ്റര്‍ സെബ അധികൃതരെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം അനുവദിക്കാന്‍ കഴിയില്ലെന്ന്‌ അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതോടെ പരീക്ഷയെഴുതാതെ സിസ്റ്റര്‍ സെബയ്‌ക്ക്‌ മടങ്ങിപ്പോകേണ്ടി വന്നു.

അതെസമയം ശിരോവസ്‌ത്രം ധരിച്ചുകൊണ്ട്‌ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന സിബിഎസ്‌ഇയുടെ ഉത്തരവ്‌ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. ഇക്കാര്യം ചോദ്യം ചെയ്‌ത്‌ മുസ്ലിം സംഘടനയായ എസ്‌ ഐ ഒ രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച്‌ എസ്‌ഐഒ കോടതിയില്‍ നല്‍കിയ പരാതി വെള്ളിയാഴ്‌ച കോടതി പരിശോധിച്ചിരുന്നു. എന്നാല്‍ ശിരോവസ്‌ത്രം നിരോധിച്ചത്‌ ഗൗരവമാക്കേണ്ട വിഷയമല്ലെന്നു പറഞ്ഞ കോടതി ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിക്കുകയാണ്‌ ചെയ്‌തത്‌.

പരിശോധനയ്‌ക്ക്‌ ശേഷം ശിരോവസ്‌ത്രം ധരിച്ച്‌ പരീക്ഷയെഴുതാമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടിരുന്നെന്നും അതു വിശ്വസിച്ചാണ്‌ പരീക്ഷയ്‌ക്കെത്തിയതെന്നും മെഡിക്കല്‍ ബിരുദ്ധമെന്ന സ്വപ്‌നം ഇതോടെ ഉപേക്ഷിക്കുകയാണെന്നും സിസ്റ്റര്‍ സെബ പറഞ്ഞു.