മട്ടന്നൂര്‍ പെണ്‍വാണിഭകേസ്; ഒന്നാം പ്രതിക്ക് 35 വര്‍ഷവും, രണ്ടാം പ്രതിക്ക് 21 വര്‍ഷവും തടവ്

കൊച്ചി : മട്ടന്നൂര്‍ പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി സോജ ജയിംസിന് 35 വര്‍ഷം തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. 5 കേസുകളിലാണ് സോജക്ക് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ദീപക്കിന് 21 വര്‍ഷം തടവും 75,000 രൂപ പിഴയും വിധിച്ചു. 4 കേസുകളിലാണ് വിധി. 2 കേസുകളില്‍ പ്രതിയായ സക്കറിയക്ക് 8 വര്‍ഷവും മറ്റ് പ്രതികളായ ലില്ലിക്ക് 5 വര്‍ഷവും മനാഫ്, തോമസ്, അബ്ദുള്‍റഹ്മാന്‍, ശേഖര്‍ എന്നിവര്‍ക്ക് 3 വര്‍ഷവുമാണ് തടവു ശിക്ഷ വിധിച്ചത്.

എറണാകുളം സെക്കന്‍ഡ് അഡീഷണല്‍ ഡിസ്ട്രിക്ട് കോടതിയുടേതാണ് വിധി. കേസില്‍ 11 പേരെ കോടതി വെറുതെ വിട്ടിരുന്നു. ആകെ 13 കേസുകളില്‍ 11 എണ്ണത്തിലാണ് കോടതി ഇന്ന് വിധി .

2009 ല്‍ മട്ടന്നൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സോജാ ജയിംസും, ദീപുവും ചേര്‍ന്ന് മറ്റ് പ്രതികള്‍ക്കായി കാഴ്ചവെച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

അനാശാസ്യം നടത്തിയതിനെ തുടര്‍ന്ന് നഗരത്തിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് കോടതി സംശയം ഉന്നയിച്ചതാണ് കേസിന് വഴിത്തിരിവായത്. ഇതേ തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ അമ്മയുടെ കയ്യില്‍ നിന്നും പണം നല്‍കി വാങ്ങിയതാണെന്നുള്ള വസ്തുത വ്യക്തമായത്.