പ്രമുഖ സ്‌പോര്‍ട്‌സ്‌ മാധ്യമപ്രവര്‍ത്തകന്‍ വി. രാജഗോപാല്‍ അന്തരിച്ചു

r vകൊച്ചി: പ്രമുഖ സ്‌പോര്‍ട്‌സ്‌ മാധ്യമപ്രവര്‍ത്തകന്‍ വി.രാജഗോപാല്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ ആയിരുന്ന രാജഗോപാല്‍ കോഴിക്കോട്‌ പന്നിയങ്കര സ്വദേശിയാണ്‌. ചൊവ്വാഴ്‌ച രാവിലെ ഒമ്പതരമണിയോടെ കൊച്ചി പി വി എസ്‌ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

അഞ്ച്‌ ഒളിംപിക്‌സും ആറ്‌ ഏഷ്യാഡും ഒരു യൂത്ത്‌ ഒളിംപിക്‌സും മാതൃഭൂമിക്കുവേണ്ടി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ള രാജഗോപാല്‍ 2013 ലാണ്‌ മാതൃഭൂമിയില്‍ നിന്ന്‌ വിരമിച്ചത്‌. മാതൃഭൂമി എക്‌സിക്യൂട്ടീവ്‌ എഡിറ്ററായും ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു.

മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഒളിംപ്യന്‍ എന്ന പേരില്‍ സ്‌പോര്‍ട്‌സ്‌ കോളം ഏറെ കാലം കൈകാര്യം ചെയ്‌തിരുന്നു. പ്രമുഖ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ്‌ അവാര്‍ഡായ ലോറന്‍സിന്റെ അന്താരാഷ്ട്ര സെലക്ഷന്‍ പാനലില്‍ തുടര്‍ച്ചയായ്‌ പന്ത്രണ്ട്‌ വര്‍ഷം അംഗമായിരുന്നു.

പി ടി ഉഷയെ കുറിച്ചുള്ള ‘ഒരേയൊരു ഉഷ’ ഉള്‍പ്പെടെ നിരവധി പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. കേരള പ്രസ്‌ അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. രണ്ടുതവണ കേരള സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌.