ദോഹയില്‍ മാപ്പിളപ്പാട്ട്‌ മഹോത്സവത്തിന്‌ ഇനി നാല്‌ നളുകള്‍

Untitled-1 copyദോഹ: ഇശല്‍ ചോരുന്ന ചുണ്ടുകളില്‍ നിന്നും മാപ്പിളപ്പാട്ടിന്റെ തേനൂറും ഗാനങ്ങള്‍ പെയ്തിറങ്ങാന്‍ ഇനി നാല് നാളുകള്‍ മാത്രം. മാപ്പിളപ്പാട്ട് രംഗത്തെ തലമുറകള്‍ സംഗമിക്കുന്ന ഇശല്‍രാവിന് പാട്ട് മഹോത്സവമെന്ന പേരാണ് സംഘാടകരായ മലപ്പുറം ജില്ലാ മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ (മംവാഖ്)  നല്കിയിരിക്കുന്നത്.

ഇശല്‍ രാവ് അക്ഷരാര്‍ഥത്തില്‍  പാട്ട് മഹോത്സവമാക്കാനും മാപ്പിളപ്പാട്ടിന്റെ ലോകത്ത് ഖത്തര്‍ കാണാനിരിക്കുന്ന ഏറ്റവും മികച്ച പരിപാടിയാക്കി മാറ്റാനുമുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് മംവാഖ്.

ഒക്‌ടോബര്‍ രണ്ടാം തിയ്യതി വൈകിട്ട് ആറരയ്ക്ക് അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബിലെ വോളിബാള്‍ ഇന്റോര്‍ ഹാളിലാണ് പാട്ട് മഹോത്സവം അരങ്ങേറുക.

ഇരുപത് മാപ്പിളപ്പാട്ട് ഗായകരും ആദരണീയം ഏറ്റുവാങ്ങാനെത്തുന്നവരും ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കുന്ന പ്രശസ്ത കലാകാരന്മാരും ഉള്‍പ്പെടെ നാല്‍പ്പതിലേറെ പേരാണ് ദോഹയിലെത്തിച്ചേരുക.

തങ്ങളുടെ സ്വപ്‌നലോകത്തെ താരങ്ങള്‍ ഒന്നിച്ച് കണ്‍മുമ്പിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഖത്തറിലെ മാപ്പിളപ്പാട്ട് ആസ്വാദകര്‍.

മാപ്പിളപ്പാട്ടിന് അവിസ്മരണീയ സംഭാവനകള്‍ നല്കിയ വി എം കുട്ടി, മൂസ എരഞ്ഞോളി, റംലാ ബീഗം, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, സിബല്ലാ സദാനന്ദന്‍, ഒ എം കരുവാരക്കുണ്ട്, ബാപ്പു വെള്ളിപ്പറമ്പ്, ഫൈസല്‍ എളേറ്റില്‍ എന്നിവരെ ആദരിക്കുന്ന ചടങ്ങ് പാട്ട് മഹോത്സവത്തിന്റെ പ്രധാന പ്രത്യേകതയാണ്. ഇരുപത് ഗായകര്‍ ടീമുകളായി തിരിഞ്ഞുള്ള മാപ്പിളപ്പാട്ട് മത്സരം കാണികള്‍ക്ക് ഹരം പകരുമെന്ന് മാത്രമല്ല, എക്കാലത്തേക്കും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിയുന്ന അവിസ്മരണീയ സംഗീത രാവായിരിക്കും സമ്മാനിക്കുക.

പ്രഗത്ഭ ഗായകരുടെ ഗാനങ്ങള്‍ വിദഗ്ധ ജൂറി കമ്മിറ്റിയാണ് വിലയിരുത്തി വിജയികളെ കണ്ടെത്തുക.

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്, മിഡില്‍സോണ്‍ എന്നിങ്ങനെ ടീമുകളായി തിരിഞ്ഞാണ് മത്സരം അരങ്ങേറുക. ഫിറോസ് ബാബു, എം എ ഗഫൂര്‍, താജുദ്ദീന്‍ വടകര, യൂസുഫ് കാരക്കാട്, ഐ പി സിദ്ദീഖ്, കുഞ്ഞുബാവ, മുഹമ്മദലി കണ്ണൂര്‍, നിസാം തളിപ്പറമ്പ്, ഷമീര്‍ ചാവക്കാട്, അഷ്‌റഫ് തായിനേരി, വിളയില്‍ ഫസീല, സനീറ്റ കണ്ണൂര്‍, ഫാരിഷ ഹുസൈന്‍, നസീബ കാസര്‍ക്കോട്, റിജിയ, ആര്യ മോഹന്‍ദാസ്, ഫാത്തിമ തൃക്കരിപ്പൂര്‍, റിനു റസാഖ് തുടങ്ങിയവരാണ് വ്യത്യസ്ത ടീമുകളില്‍ അണിനിരക്കുക. റജി മണ്ണേലാണ് അവതാരകന്‍.

അലി ഇന്റര്‍നാഷണല്‍, ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റ്, ക്വാളിറ്റി മാള്‍, ഭാരത് വസന്ത  ഭവന്‍ റസ്റ്റോറന്റ്, വിഷ്വല്‍ പ്ലസ് ബര്‍വ വില്ലേജ് എന്നിവിടങ്ങളില്‍ പാട്ട് മഹോത്സവത്തിന്റെ ടിക്കറ്റുകള്‍ ഇന്നുമുതല്‍ ലഭ്യമാണ്.