ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ബുര്‍കാപാല്‍ സിആര്‍പിഎഫ് ക്യാമ്പിനടുത്താണ് ആക്രമണമുണ്ടായത്. സിആര്‍പിഎഫ് 74-ാം ബറ്റാലിയന്‍ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഇന്‍സ്പെക്ടര്‍ രഘുവീര്‍സിങ്ങിനും പരിക്കേറ്റു. മരിച്ചവരില്‍ മലയാളികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല. സിആര്‍പിഎഫുകാരുടെ പ്രത്യാക്രമണത്തില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പരിക്കേറ്റവരെ ആകാശമാര്‍ഗം റായ്പുരിലെയും ജഗ്ദല്‍പുരിലെയും ആശുപത്രിയിലെത്തിച്ചു.

മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമായ മേഖലയില്‍ തിങ്കളാഴ്ച പകല്‍ 12.55 ന് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ആക്രമണം.  മുന്നൂറോളംവരുന്ന മാവോയിസ്റ്റുകള്‍ സംഘത്തിലുണ്ടായിരുന്നു. കറുത്തവേഷം ധരിച്ചെത്തിയ അക്രമികള്‍ എകെ 47 തോക്കുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

തൊട്ടടുത്ത സിആര്‍പിഎഫ് ക്യാമ്പില്‍നിന്ന് കൂടുതല്‍ സേനയെ പ്രദേശത്തേക്കയച്ചിട്ടുണ്ടെന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.