ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റുകള്‍ 12 സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തി

റായ്പൂര്‍ : ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റുകള്‍ 12 സിആര്‍പിഎഫ് ജവാന്‍മാരെ കൊലപ്പെടുത്തി. തോക്കും ആയുധങ്ങളും കവര്‍ന്നു. ഭെജി ജില്ലയില്‍ പട്രോളിങ്ങിനിടെയാണ് സിആര്‍പിഎഫ് സംഘത്തെ മാവോയിസ്റ്റുകള്‍ ആക്രമിച്ചത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. റോഡ് നിര്‍മാണത്തിന് സുരക്ഷയൊരുക്കിയ ജവാന്മാരെ ലക്ഷ്യമിട്ട് എല്‍ഇഡി ബോംബ് സ്ഫോടനം നടത്തുകയായിരുന്നു.

10 തോക്കും തട്ടിയെടുത്തു. റായ്പുരില്‍ നിന്നും 450 കിലോമീറ്റര്‍ അകലെ ഭെജി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ 9 45ന് കൊട്ടചേരു വനമേഖലയിലാണ് ആക്രമണം. സിആര്‍പിഎഫ് 219 ബറ്റാലിയന്‍ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. കൊട്ടചേരുവിനെയും ഭെജിയുെം ബന്ധിപ്പിക്കുന്ന റോഡാണ് നിര്‍മ്മിച്ചിരുന്നത്.

മണ്ണില്‍ സ്ഥാപിച്ച ബോംബുകളാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് സിആര്‍പിഎഫ് മേധാവി സുദീപ് ലക്താഖിയ അറിയിച്ചു. ജനജീവിതം താറുമാറാക്കുകയാണ് മാവോയിസ്റ്റുകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ പൊതുസംവിധാനവുമായി ബന്ധിപ്പിക്കാന്‍ അവര്‍ സമ്മതിക്കുന്നില്ല. ആക്രമണം നടന്ന സ്ഥലത്ത് മൊബൈല്‍ ഫോണിന് റേഞ്ച് പോലും കുറവാണ്. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചു. അടുത്ത ദിവസം സ്ഥലം സന്ദര്‍ശിക്കുമെന്നും സിങ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും അനുശോചനമറിയിച്ചു. ഭെജി വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ റായ്പൂരിലെത്തിയിട്ടുണ്ട്. കൂടാതെ മാവോയിസ്റ്റ് വേട്ടയ്ക്കുള്ള പ്രത്യേക കോബ്ര സംഘത്തെയും എത്തിച്ചു.