മഞ്ചേരി സ്റ്റേഡിയം: ഫണ്ട് ലഭ്യമാക്കും – മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

manjeri stadiumമഞ്ചേരി: മഞ്ചേരി ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെയും സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെയും നിര്‍മാണത്തിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മലപ്പുറം ലോക കായിക ഭൂപടത്തില്‍ ഇടം പിടിക്കേണ്ടതുണ്ട്. മഞ്ചേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ഫണ്ട് ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. അടുത്ത ബജറ്റില്‍ ഇതിനാവശ്യമായ തുക വകയിരുത്തുന്നതിന് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളം ആതിഥ്യമരുളുന്ന ഫെഡറേഷന്‍ കപ്പിന് വേദിയാകാന്‍ സാധ്യതയുള്ള മഞ്ചേരി സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഗാലറിയിലെ റൂഫിങും പുല്ല് മൃദുവാക്കലുമാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്. സ്റ്റേഡിയത്തിനകത്തുള്ള റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഇവയുടെ ടാറിങ് ഉടന്‍ നടത്തും. ഡിസംബര്‍ അവസാനത്തോടെ അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹി സ്റ്റേഡിയം സന്ദര്‍ശിക്കും. അതിന് മുമ്പായി പ്രധാന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ ഒന്നാംഘട്ട ഉദ്ഘാടനം നിര്‍വഹിക്കാനാണ് തീരുമാനം.
അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദാലി, എ.ഡി.എം പി. മുരളീധരന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.