മഞ്ചേരി ആകാശവാണി എഫ്എം നിലയം സ്വതന്ത്ര പദവിയിലേക്ക്

balakrishnanമലപ്പുറം : മഞ്ചേരി ആകാശവാണി നിലയം സ്വതന്ത്ര പദവിയിലുള്ള പ്രക്ഷേപണ നിലയമാക്കി മാറ്റാന്‍ കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് നടപടികള്‍ തുടങ്ങി. പ്രക്ഷേപണ സമയദൈര്‍ഘ്യമടക്കം നിലയത്തിന്റെ പ്രസരണ ശേഷി കൂട്ടി സമ്പൂര്‍ണ്ണ സൗകര്യ സജ്ജമായ പൊതു സേവന മാധ്യമത്തിന്റെ പദവിയിലേക്കാണ് നിലയത്തിന്റെ വികസനം ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ നടപടിയായി പ്രോഗ്രാം മേധാവിയായ എം ബാലകൃഷ്ണനെ കേന്ദ്ര മേധാവിയായും ഭരണ, ധനകാര്യ നിയന്ത്രണ ചുമതലയുള്ള കണ്‍ട്രോളിങ്ങ് ഓഫീസറായും നിയമിച്ച് ആകാശവാണി ഡയറക്ടര്‍ ജനറല്‍ ഉത്തരവിറക്കി.

തോംസണ്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പോടെ ഇംഗ്ലണ്ടില്‍ മാധ്യമ പരിശീലനം നേടിയ എം ബാലകൃഷ്ണന്‍ കോഴിക്കോട്, തൃശ്ശൂര്‍ നിലയങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേന്ദ്ര പ്രക്ഷേപണ വകുപ്പ് മന്ത്രി മനീഷ് തിവാരിയുമായി ഈ അഹമ്മദ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രസാര്‍ ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മഞ്ചേരി നിലയ വികസനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡയറക്ടര്‍ ജനറലിന് നല്‍കിയത്.

നിലവില്‍ ആറ് മണിക്കൂര്‍ പ്രക്ഷേപണമാണ് ഇവിടെ നിന്നും നടക്കുന്നത്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇത് 12 മണിക്കൂറാകും. സ്വതന്ത്ര പദവി കിട്ടിയതോടെ മഞ്ചേരി എഫ്എം സ്റ്റേഷന് സ്വന്തമായി പരിപാടികള്‍ സംപ്രേഷണം ചെയ്യാനും മഞ്ചേരിയില്‍ നിന്ന് തനത് മലപ്പുറം പരിപാടികള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക.