മംഗള്‍യാന്‍ ചൊവ്വാ യാത്ര തുടങ്ങി

images (1)ചെന്നൈ : ഇന്ത്യയുടെ പ്രഥമ പര്യവേഷണ പേടകം മംഗള്‍യാന്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും കുതിച്ചുയര്‍ന്നു. മംഗള്‍യാന്റെ ആദ്യഘട്ടം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ അറിയിച്ചു. ഇന്ത്യയുടെ ചൊവ്വാ പേടകം ഭൂമിയുടെ ഭ്രമണ പഥത്തിലെത്തി 45 ദിവസം ഭൂമിയുടെ ഭ്രമണ പഥത്തെ വലം വെച്ചതിന് ശേഷമായിരിക്കും പേടകം ചൊവ്വയിലേക്കുള്ള യാത്ര തിരിക്കുക.

ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് ഉച്ചക്ക് 2.38 ന് വിജയകരമായി വിക്ഷേപിച്ചത്. പിഎസ്എല്‍വി സി 25 റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിച്ചത്. 40 കോടി കിലോമീറ്റര്‍ സഞ്ചരിച്ചതിന് ശേഷം 2014 ല്‍ പേടകം ചൊവ്വയില്‍ ഭ്രമണപഥത്തിലെത്തിയതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യാറോപ്യന്‍ യൂണിയനും, അമേരിക്കയും, റഷ്യയുമാണ് ഇതിനു മുമ്പ് ഭ്രമണപഥത്തിലേക്ക് പര്യവേഷണ വാഹനം അയച്ച രാജ്യങ്ങള്‍.

ഇന്ത്യയുടെ ശാസ്്ത്ര സാങ്കേതിക രംഗത്തെ നാഴിക കല്ലായി മാറികൊണ്ടാണ് മംഗള്‍യാന്റെ വിക്ഷേപണം വിജയകരമായി നടന്നത്. നാസ തള്ളികളഞ്ഞ വിഷയത്തെ കുറിച്ച് അറിയാനാണ് ഇന്ത്യയുടെ ഉപഗ്രഹം ശ്രമിക്കുന്നത്.ചൊവ്വയിലെ മീഥൈനിന്റെ സാന്നിധ്യം കണ്ടെത്തുക എന്നതാണ് ലക്ഷ്യം. മീഥൈന്‍ ഉണ്ടെങ്കില്‍ ജീവന്‍ നിലനിന്നിരുന്നു എന്ന് ഉറപ്പിക്കാം. എന്നാല്‍ ചൊവ്വയില്‍ മീഥൈന്‍ ഇല്ല എന്ന നിലപാടിലാണ് നാസയുടെ ശാസ്ത്രഞ്ജന്‍മാര്‍. ചൊവ്വാ ദൗത്യം വിജയകരമായാല്‍ ഇന്ത്യ ബഹിരാകാശ ലോകത്തെ അജയ്യ ശക്തിയാകും.

1960 മുതല്‍ 51 ദൗത്യങ്ങളാണ് ഇതുവരെ ചൊവ്വ ലക്ഷ്യമിട്ട് നടന്നതെങ്കിലും 21 എണ്ണം മാത്രമാണ് വിജയിച്ചത്. മംഗള്‍യാന്‍ വിജയിച്ചാല്‍ ചൊവ്വയെ കുറിച്ച് പഠിക്കുന്ന നാലാമത്തെ ഏജന്‍സി ആകും ഐഎസ്ആര്‍ഒ. മാത്രമല്ല നേട്ടം കൈവരിക്കുന്ന രാഷ്ട്രങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനം നേടുകയും ചെയ്യും. ചൊവ്വയിലിറങ്ങിയാല്‍ 6 മാസമെങ്കിലും മംഗള്‍യാന്‍ പര്യവേഷണം തുടരുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കു കൂട്ടല്‍.