കുണ്ടോട്ടിയില്‍ കുടുംബവഴക്കിനിടെ സംഘര്‍ഷം; ഒരാള്‍ മരിച്ചു

വണ്ടൂര്‍ : കുടുംബവഴക്കിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഞായറാഴ്ച 12 ഓടെ ഭാര്യാമാതാവിന്റെ വീട്ടിലായിരുന്നു സംഭവം. വലിയപീടിക മുജീബ് (42) ആണ് ഭാര്യാമാതാവിന്റെ വീട്ടിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഭാര്യയുടെ മാതാവിന്റെ ഉമ്മ പള്ളിക്കുന്ന് പാത്തുണ്ണി (68), മക്കളായ സി ടി പി മൊയ്തീന്‍ (46), അബ്ദുല്‍ മജീദ് (40) എന്നിവര്‍ക്ക് മുജീബിന്റെ വെട്ടേറ്റ് പരിക്ക്പറ്റി. ഇവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബവഴക്കിനെ തുടര്‍ന്ന് മുജീബിന്റെ ഭാര്യയും കുട്ടികളും പോരൂര്‍ കോട്ടക്കുന്നിലെ വീട്ടിലാണ് താമസിച്ചിരുന്നത്. വണ്ടൂര്‍ പോലീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഭാര്യയും കുട്ടികളും കോട്ടകുന്നിലേക്ക് താമസം മാറ്റിയത്. ശനിയാഴ്ച മുജീബ് വീട്ടിലെത്തി കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങളും, വസ്ത്രങ്ങളും നല്‍കിയതായി പറയപ്പെടുന്നു.

ഞായറാഴ്ച ഉച്ചക്ക് ഭാര്യാമാതാവിന്റെ വീട്ടിലെത്തി ഭാര്യാമാതാവിന്റെ പുറത്ത് വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു. ഇതു തടയാന്‍ ചെന്ന മക്കള്‍ക്കും പരിക്കേറ്റു. ഉണ്ണിമൊയ്തീന്റെ ഇടതു കൈപ്പത്തി അറ്റുവീണു.

ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കളുടെയും നാട്ടുകാരുടെയും മര്‍ദനത്തിനൊടുവിലാണ് മുജീബ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. തലക്ക് വെട്ടേറ്റതിന്റെയും അടിയേറ്റതിന്റെയും പാടുകളുണ്ട്. കൊലപാതകത്തിന് കേസെടുത്തതായി സി ഐ മൂസ വള്ളിക്കാടന്‍ അറിയിച്ചു. കൊല്ലപ്പെട്ട മുജീബിന് നേരിയ മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച കൂരാട് തെക്കുംപുറം ജുമാമസ്ജിദില്‍ കബറടക്കും. ഷബ്‌നയാണ് മുജീബിന്റെ ഭാര്യ. മക്കള്‍ ഇല്ല്യാസ്, സാനു, ഇക്കു, ഉപ്പ :മൂസ, ഉമ്മ : താത്തു.