മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെ മോഷണ കേസില്‍ പോലീസ് പിടികൂടി

തിരു :മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റിനെ മോഷണ കേസില്‍ പോലീസ് പിടികൂടി. അവണാക്കുഴി സ്വദേശി ബിനു എന്ന രാജ്ബാബുവാണ് ഷാഡോ പോലീസിന്റെ പിടിയിലായത്. പകല്‍ സമയങ്ങളില്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്ന ഇയാള്‍ രാത്രി കാലങ്ങളില്‍ മോഷണം നടത്തി വരികയായിരുന്നു. പതിവായി മോഷണം നടത്തി വന്ന ഇയാളെ പലതവണയും പോലീസ് സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയിട്ടുണ്ടെങ്കിലും ഇയാള്‍ പലപ്പോഴും ഫാന്‍സ് അസോസിയേഷന്റെ പേര് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഷാഡോ പോലീസിന്റെ വലയില്‍ വീണ ഇയാള്‍ക്ക് ഫാന്‍സ് അസോസിയേഷന്റെ പേര് പറഞ്ഞെങ്കിലും രക്ഷപ്പെടാനായില്ല.

തിരുവനന്തപുരത്ത് കവര്‍ച്ച വ്യാപകമായ സാഹചര്യത്തിലാണ് സിറ്റി പോലീസ് കമ്മീഷണര്‍ ഷാഡോ പോലീസിനെ നഗരത്തില്‍ വിന്യസിപ്പിച്ചത്.

നഗരം കേന്ദ്രീകരിച്ചാണ് ബിനു മോഷണം നടത്തിവന്നത്.