മാമാങ്കം ഫെസ്റ്റിന്‌ ശനിയാഴ്‌ച തുടക്കം

mamankam festivalതിരൂര്‍: മാമാങ്കത്തിന്റെ 261ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തുന്ന വിവിധ പരിപാടികള്‍ക്ക്‌ ശനിയാഴ്‌ച്‌ ഔദ്യോഗിക തുടക്കമാവും. അങ്കവാള്‍ പ്രയാണത്തോടെയാണ്‌ പരിപാടി തുടങ്ങുന്നത്‌. തിരൂര്‍ ആര്‍ഡിഒ ഡോ. ജെ. അരുണിന്റെ നേതൃത്വത്തിലാണ്‌ പ്രയാണം നടത്തുന്നത്‌. ഡി.ടി.പി.സി എക്‌സി. കമ്മിറ്റി അംഗം എം.കെ മുഹ്‌സിന്‍ സഹ നായകനും ചങ്ങമ്പള്ളി ഉമ്മര്‍ ഗുരിക്കള്‍ ഡയറക്ടറുമാണ്‌. പ്രയാണം രാവിലെ 10ന്‌ അങ്ങാടിപ്പുറം ചാവേര്‍ തറയില്‍ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. പ്രയാണത്തിന്റെ ഭാഗമായി നൂറോളം കളരിഅഭ്യാസികളുടെ കളരി പ്രദര്‍ശനവും അരങ്ങേറും. ഉച്ചയ്‌ക്ക്‌ 12ന്‌ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസ്‌ പരിസരത്ത്‌ സ്വീകരണം നല്‍കും. മലപ്പുറം, കോട്ടക്കല്‍ സാമൂതിരി കോവിലകം എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റ്‌ വാങ്ങി വൈകീട്ട്‌ 4.30ന്‌ തിരുന്നാവായ നിലപാട്‌ തറയില്‍ സമാപിക്കും. ചരിത്ര സ്‌മാരക സന്ദര്‍ശനം, ചരിത്ര സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ ഫെസ്റ്റിന്റെ ഭാഗമായി ഡി.ടി.പി.സി നടത്തുന്നുണ്ട്‌.

പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഒരു മാസക്കാലം നീണ്ടുനിന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്ന മാമാങ്കം എ.ഡി 1755 ലാണ്‌ അവസാനമായി നടന്നത്‌. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ്‌ മാമാങ്കം ആയത്‌. മതസൗഹാര്‍ദത്തിന്റെ വേദി കൂടിയായിരുന്നു മാമാങ്കം ഉത്സവം. ചേര ഭരണത്തിന്റെ അധ:പതനത്തോടെ നടത്തിപ്പവകാശം വള്ളുവനാട്ടിലെ ഭരണാധിപന്‍മാരായിരു വള്ളുവക്കോനാതിരിമാര്‍ക്കായിരുന്നു. കോഴിക്കോട്‌ സാമൂതിരി തിരുനാവായ ആക്രമിച്ച്‌ കീഴടക്കിയപ്പോള്‍ അദ്ദേഹമായി മാമാങ്കത്തിന്റെ അധ്യക്ഷന്‍. സാമൂതിരിയുടെ മേല്‍ക്കോയ്‌മയോടുള്ള പ്രതിഷേധ സൂചകമായി വള്ളുവക്കോനാതിരി ചാവേറുകളെ തിരുനാവായയിലേക്ക്‌ അയച്ചിരുന്നു. പൂര്‍വികന്‍മാര്‍ക്ക്‌ വേണ്ടി പ്രതികാരം നിര്‍വഹിക്കാനായി ചാവേറുകള്‍ സാമൂതിരിയോട്‌ പടപൊരുതിപ്പോന്നിരുന്നു. മാമാങ്കത്തിന്റെ വിവിധ കര്‍മങ്ങളെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ്‌ ഇത്തവണ മാമാങ്കം ഫെസ്റ്റ്‌ നടത്തുന്നത്‌.