പരപ്പനങ്ങാടിയില്‍ റേഷന്‍കാര്‍ഡ് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥനു നേരെ വീട്ടുടമയുടെ കയ്യേറ്റം

പരപ്പനങ്ങാടി: റേഷന്‍കാര്‍ഡ് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥനു നേരെ കയ്യേറ്റം. തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസിലെ എല്‍ഡി ക്ലാര്‍ക്കായ അരുണിന് നേരെയാണ് കയ്യേറ്റമുണ്ടായത്. പരപ്പനങ്ങാടി ഉള്ളണം അംഗണ്‍വാടിക്ക് സമീപത്തെ വീട്ടില്‍ റേഷന്‍ കാര്‍ഡ് പരിശോധിക്കാനെത്തിയപ്പോഴാണ് സംഭവം നടന്നത്. ഉള്ളണം സ്വദേശി കുണ്ടൂര്‍ക്കാരന്‍ റഫീഖ് എന്നയാള്‍ അരുണിനെ കൃത്യനിര്‍വഹണം നടത്തുന്നതില്‍ തടസപ്പെടുത്തിയെന്നാണ് പരപ്പനങ്ങാടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
റേഷന്‍ കാര്‍ഡ് പരിശോധിക്കുന്നതിനിടെ കാര്‍ഡ് എ.എ.വൈ യാണെന്നു കണ്ടു. ഇതെസമയം തൊട്ടടുത്ത വീട്ടില്‍ നിന്നും ഒരാള്‍ ഇറങ്ങിവരികയും ഇയാളോടും കാര്‍ഡ് ആവശ്യപ്പെട്ട ഉദ്യോഗസ്ഥനോട് രണ്ടും ഒരു കാര്‍ഡു തന്നെയാണെന്ന് ഇവര്‍ പറഞ്ഞു. രണ്ടു വീടുകളും ഇരുനില വീടുകളായതിനാല്‍ ഈ കാര്‍ഡിന് നിങ്ങള്‍ അര്‍ഹരല്ലെന്ന് അറിയിച്ചതോടെ റേഷന്‍കാര്‍ഡ് ബലമായി പിടിച്ചുവാങ്ങുകയും തന്റെ ഐഡികാര്‍ഡ് വലിച്ച് പൊട്ടിക്കുകയും ഷര്‍ട്ടിന് കുത്തിപ്പിടിക്കുകയും രാവിലെ മുതല്‍ തയ്യാറാക്കിയ മറ്റു റിപ്പോര്‍ട്ടുകളെല്ലാം വലിച്ചുകീറുകയുമായിരുന്നെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
സംഭവത്തില്‍ ഉദ്യോഗസ്ഥന്റെ പരാതിയില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.