മലപ്പുറം ജില്ലയില്‍ അഞ്ച് താലൂക്കുകളിലായി മാറ്റിപ്പാര്‍പ്പിച്ചത് 191 കുടുംബങ്ങളെ

മലപ്പുറം: പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ അഞ്ച് താലൂക്കുകളില്‍ മാറ്റിപ്പാര്‍പ്പിച്ചത് 191 കുടുംബങ്ങളെ. കാലവര്‍ഷക്കെടുതി രൂക്ഷമായ നിലമ്പൂര്‍ താലൂക്കിലെ കണക്കിന് പുറമെയാണിത്. തിരൂരങ്ങാടി താലൂക്കില്‍ മാത്രമാണ് മഴക്കെടുതി അധികം ബാധിക്കാതിരുന്നത്. കൊണ്ടോട്ടി താലൂക്കില്‍ 90 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. മൂന്ന് ദുരിതാശ്വാസ ക്യാംപുകളാണ് ഇവിടെ തുറന്നിട്ടുള്ളത്. കൊണ്ടോട്ടിയിലെ ഒട്ടുമിക്ക വില്ലേജുകളിലും മഴക്കെടുതി ബാധിച്ചിട്ടുണ്ട്.
വാഴക്കാട് വില്ലേജിലെ പുല്‍പ്പറമ്പ്, കോലോത്തും കടവ്, കണ്ടാം തൊടി, വാഴയൂര്‍ വില്ലേജിലെ അഴിഞ്ഞിലം മേഖലകളില്‍ നിന്നുള്ള 90 കുടുംബങ്ങളിലെ 493 പേരെയാണ് വാഴക്കാട് ജി.എംയുപി, പണിക്കാര്‍പുറായ സി.എച്ച് സ്‌കൂള്‍, അഴിഞ്ഞിലം എ.യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.

മുതുവല്ലൂര്‍ വില്ലേജിലെ ഒറ്റപ്പെട്ട പ്രദേശമായ ചെങ്ങരാലിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട ഒന്‍പത് കുടുംബങ്ങള്‍ സുരക്ഷിതരാണെന്നും ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടെന്നും കൊണ്ടോട്ടി തഹസില്‍ദാര്‍ കെ ദേവകി പറഞ്ഞു. പ്രദേശം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സ്ഥിഗതികള്‍ വിലയിരുത്തിയതായും തഹസില്‍ദാര്‍ അറിയിച്ചു.

ഭാരതപ്പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് തിരൂര്‍ താലൂക്കിലെ പുറത്തൂര്‍, തൃപ്രങ്ങോട്, മംഗലം, തിരുന്നാവായ പഞ്ചായത്തുകളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. തൃപ്രങ്ങോട്ടെ പുറമ്പോക്ക് പ്രദേശമായ നദീനഗര്‍ കോളനിയിലെ 17 കുടുംബങ്ങളെയും പുറത്തൂര്‍ പഞ്ചായത്തില്‍ ഭാരതപ്പുഴയുടെ സമീപത്തായി താമസിക്കുന്ന രണ്ട് കുടുംബങ്ങളെയുമാണ് ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചത്. മംഗലം പഞ്ചായത്തിലെ പത്ത് കുടുംബങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കം കണക്കിലെടുത്ത് തിരുന്നാവായയില്‍ രണ്ട് കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിയത്. തൂതപ്പുഴ കരകവിഞ്ഞൊഴുകിയതിനാല്‍ ഇരിമ്പിളിയം പഞ്ചായത്തില്‍ 29 കുടുംബങ്ങളെയും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. തഹസില്‍ദാര്‍ പി രാജേന്ദ്രന്‍പിള്ളയുടെ നേതൃത്വത്തിലാണ് പുറത്തൂര്‍, തൃപ്രങ്ങോട് പഞ്ചായത്തുകളില്‍ ദുരിതാശ്വാസ നടപടികള്‍ സ്വീകരിച്ചത്. പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിന്തല്‍മണ്ണ- ഏറനാട് താലൂക്കുകളിലായി 25 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പിലേക്കുമായി മാറ്റിപാര്‍പ്പിച്ചു.

ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ ഏറനാട് താലൂക്കിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പരിധിയില്‍ വരുന്ന വെറ്റിലപ്പാറ വില്ലേജ് ഓഫീസിന് കീഴിലെ ഓടക്കയത്ത് 15 പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മലമ്പ്രദേശത്ത് താമസിക്കുന്ന 15 പട്ടികവര്‍ഗ്ഗ കുടുംബങ്ങളിലെ 53 പേരെയാണ് ഓടക്കയം ജി.യു.പി സ്‌കൂളില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചത്.

ഇതിന് പുറമെ അരീക്കോട് പൂങ്കുടി മേഖലയിലേക്കുള്ള റോഡില്‍ വെള്ളം കയറി ഒറ്റപ്പെട്ട 150 കുടുംബങ്ങള്‍ക്കായി തോണി സര്‍വ്വീസ് ഏര്‍പ്പെടുത്തി. വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് എടവണ്ണയിലെ 10 കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചതായി ഏറനാട് തഹസില്‍ദാര്‍ പി സുരേഷ് പറഞ്ഞു. പ്രകൃതിക്ഷോഭ സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയതായും തഹസില്‍ദാര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ താലൂക്കിലെ പുലാമന്തോള്‍ വില്ലേജ് പരിധിയില്‍ വരുന്ന കട്ടുപാറ മേഖലയില്‍ നിന്ന് ആറ് 25 പേരടങ്ങുന്ന ആറ് കുടുംബങ്ങളെയും തിരുത്ത് പ്രദേശത്തെ മൂന്ന് കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. പുലാമന്തോള്‍ പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് കണക്കിലെടുത്തായിരുന്നു ദുരിതാശ്വാസ പ്രവര്‍ത്തനം. അതേസമയം നിലമ്പൂര്‍ താലൂക്കിലേതു പോലുള്ള പ്രശ്നങ്ങള്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ ഇല്ലെന്ന് തഹസില്‍ദാര്‍ എന്‍.എം മെഹറലി അറിയിച്ചു.
പൊന്നാനി താലൂക്കിലെ ഈഴവതുരത്തി ,കാലടി, തവനൂര്‍ വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഈഴവതുരത്തിയില്‍ നിന്നുള്ള 16 കുടൂംബങ്ങളെ ചമ്രവട്ടം ഇറിഗേഷന്‍ പ്രൊജക്ട് ഓഫീസില്‍് മാറ്റിത്താമസിപ്പിച്ചു .16 കുടൂംബങ്ങളില്‍ നിന്നായി 20 പുരുഷന്‍മ്മാരും 25 സ്ത്രീകളും 19 കുട്ടികളുമാണുള്ളത്. ഇവര്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരീയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്ററിലെ (ഐ.സി.എസ്.ആര്‍) കാന്റീനില്‍ നിന്ന് സൗജന്യ ഭക്ഷണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Related Articles