Section

malabari-logo-mobile

ദോഹയില്‍ ഇന്‍ഡസ്‌ട്രിയല്‍ ഏരിയ സ്‌ട്രീറ്റ്‌ നമ്പര്‍ 19ല്‍ വന്‍ തീപിടുത്തം;മലയാളിയുടെ മാള്‍ കത്തി നശിച്ചു

HIGHLIGHTS : ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 19ല്‍ വന്‍ തീപിടുത്തം. തിരുവല്ല സ്വദേശിയായ ബിനോയിയുടെ നേതൃത്വത്തിലുള്ള മാള്‍ ഓഫ് ഏഷ്യ

1730886335ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 19ല്‍ വന്‍ തീപിടുത്തം. തിരുവല്ല സ്വദേശിയായ ബിനോയിയുടെ നേതൃത്വത്തിലുള്ള മാള്‍ ഓഫ് ഏഷ്യ എന്ന മാളാണ് കത്തിനശിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് തീപിടുത്തമുണ്ടായത്. അപകടകാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സിവില്‍ ഡിഫന്‍സ്, അല്‍ ഫസ, അഗ്‌നിശമനസേന എന്നിവരുടെ കൂട്ടായ ശ്രമത്തെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് തീയണയ്ക്കാനായത്. അത്രത്തോളം ശക്തമായ രീതിയിലായിരുന്നു തീ പടര്‍ന്നുപിടിച്ചത്. ലക്ഷക്കണക്കിന് റിയാലിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നത്. റമദാന്‍, ഈദുല്‍ഫിത്വിര്‍ എന്നിവയോടനുബന്ധിച്ച് കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണനത്തിനായി മാള്‍ ഓഫ് ഏഷ്യയില്‍ എത്തിച്ചിരുന്നു. ഇവയെല്ലാം കത്തിനശിച്ചു. മാള്‍ ഓഫ് ഏഷ്യയ്ക്കു പിന്നിലുണ്ടായിരുന്ന മൂന്നു ഗോഡൗണുകളും കത്തിയമര്‍ന്നു. തൊട്ടടുത്ത് പുതിയതായി പ്രവര്‍ത്തനം ആരംഭിക്കാനിരുന്ന ജ്വല്ലറിയും ഹോട്ടലും ഭാഗികമായി കത്തിനശിച്ചു. ഇന്ത്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പടെ ഏകദേശം നൂറിലധികം ജീവനക്കാരാണ് മാളില്‍ ജോലി ചെയ്തിരുന്നത്. ഇവിടുത്തെ തൊഴിലാളികളാണ് തീപിടുത്തം ആദ്യം കണ്ടത്. ഉടന്‍തന്നെ സിവില്‍ ഡിഫന്‍സും അഗ്‌നിശമനസേനാ വിഭാഗവും എത്തിയെങ്കിലും തീ നിയന്ത്രണവിധേയമാക്കാനായില്ല. ഇതേത്തുടര്‍ന്ന് കൂടുതല്‍ സേന സംഭവസ്ഥലത്തെത്തുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയപ്പോഴേക്കും മാള്‍ ഓഫ് ഏഷ്യ പൂര്‍ണമായും അഗ്‌നിക്കിരയായിരുന്നു. തീപിടുത്തത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മണിക്കൂറുകളോളം ഗതാഗതസ്തംഭനമുണ്ടായി. ഗതാഗതവകുപ്പിന്റെ നേതൃത്വത്തില്‍ ഗതാഗതം വഴിതിരിച്ചുവിട്ടു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഗതാഗതം സുഗമമായ രീതിയില്‍ പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏറ്റവും വലിയ മാളുകളിലൊന്നാണ് മാള്‍ ഓഫ് ഏഷ്യ. മൂന്നു വര്‍ഷം മുമ്പാണ് ഈ മാള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു മാളിന്റെ പ്രവര്‍ത്തനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!