ബാംഗ്ലൂരില്‍ രണ്ട് മലയാളി യുവാക്കള്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍

bangalorബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ രണ്ട് മലയാളി യുവാക്കളെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരിട്ടിക്ക് സമീപം പണിക്കടവിലെ തോമസ് – അച്ചാമ ദമ്പതികളുടെ മകന്‍ വേങ്ങതാനത്ത് സോജി തോമസ്, കോട്ടയം സ്വദേശി ബിനോസ് എന്നിവരാണ് മരിച്ചത്. ഭാര്യയും രണ്ട് കുട്ടികളുമുള്ള സോജി തോമസ് 8 വര്‍ഷമായി ബാംഗ്ലൂരിലാണ് താമസം. സഹോദരങ്ങള്‍ സ്വപ്ന,സംഗീത.

ബാംഗ്ലൂരില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെ ചാമരാജ് നഗറില്‍ ശിവസമുദ്ര ജാഗേരി വനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴുത്തറത്ത് കൊലപെടുത്തിയ ശേഷം കത്തിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.

കാണാതായവരില്‍ ഒരാളുടെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ പോലീസ് അനേ്വഷണം നടത്തിയതും ജാഗേരി വനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം മറവ് ചെയ്തിരുന്നതായി അറിയാന്‍ കഴിഞ്ഞതും. ഇത് കേന്ദ്രീകരിച്ച് നടത്തിയ അനേ്വഷണത്തിലാണ് കൊല്ലപ്പെട്ടവര്‍ മലയാളികളാണെന്ന് സ്ഥിരീകരിച്ചത്. മൂന്ന് മൊബൈല്‍ ഫോണുകളും ഒരാളുടെ മോതിരവും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മരണപ്പെട്ടവര്‍ ചാമരാജ് നഗറില്‍ പണമിടപാട് നടത്തിയിരുന്നു. ഇതിനിടയിലാണ് കൊലപാതകം നടന്നത് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന നടത്തും. പ്രതേ്യക പോലീസ് സംഘം അനേ്വഷണം ആരംഭിച്ചു.