ദോഹയില്‍ താമസ കേന്ദ്രത്തിന് തീപിടിച്ച്‌ മലയാളി ഡ്രൈവര്‍ മരിച്ചു

dohaദോഹ: താമസ കേന്ദ്രത്തിന് തീപിടിച്ച് ഉറങ്ങിക്കിടന്ന മലയാളി ഡ്രൈവര്‍ പൊള്ളലേറ്റു മരിച്ചു. തൃശ്ശൂര്‍ പാവറട്ടി പൈങ്കണിയൂര്‍ വലിയകത്ത് മുസ്‌ലിം വീട്ടില്‍ മൊയ്തൂട്ടി (48) ആണ് മരിച്ചത്. തുമാമയിലെ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി മൊയ്തൂട്ടി താമസിക്കുന്ന കാബിന് തീപിടിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്നതിനാല്‍ രക്ഷപ്പെടാനും അവസരം ലഭിച്ചില്ല. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ തീകെടുത്തി മൊയ്തൂട്ടിയെ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ 28 വര്‍ഷമായി ഖത്തറിലുണ്ട്.

പരേതരായ ഖാദര്‍- കയ്യുണ്ണി ദമ്പതികളുടെ മകനാണ്. ഖബറടക്കം ഖത്തറില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അടുത്ത ബന്ധുക്കള്‍ ഖത്തറിലുണ്ട്. ഭാര്യ: സബീന. മക്കള്‍: ആയിശ, നൂര്‍ജ, സലീം.