ട്രെയിന്‍ യാത്രയ്‌ക്കിടെ മലയാളി ദമ്പതികളുടെ ആഭരണം മോഷ്ടിച്ചു

29railwayചെങ്ങന്നൂര്‍: ട്രെയിന്‍ യാത്രക്കിടെ മലയാളികളായ ദമ്പതികളുടെ ആഭരണം മോഷ്ടിക്കപ്പെട്ടു. രാജസ്ഥാനിലെ സിക്കറില്‍ നിന്നും ചെങ്ങന്നൂരിലേക്ക്‌ വരികയായിരുന്ന ചെങ്ങന്നൂര്‍ തിട്ടമേല്‍ അരമനറോഡില്‍ ഗുരുസദനം വീട്ടില്‍ ബിജു ഗോപിനാഥ്‌(41), ഭാര്യ സ്‌മിത(37) എന്നിവരുടെ സ്വര്‍ണാഭരണങ്ങളാണ്‌ കവര്‍ന്നത്‌. സിക്കറില്‍ മോദി സര്‍വകലാശാലയിലെ ജീവനക്കാരനാണ്‌ ബിജു. സ്‌മിത ഗവ.സ്‌റ്റാഫ്‌ നേഴ്‌സാണ്‌. സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ്‌ ഇവര്‍ നാട്ടിലേക്ക്‌ പുറപ്പെട്ടത്‌.

മക്കളായ കൃഷ്‌ണ(12), ഭാഗ്യശ്രീ(8) എന്നിവര്‍ക്കൊപ്പം മെയ്‌ 27 നാണ്‌ ഇവര്‍ സിക്കറില്‍ നിന്ന്‌ ജയ്‌പൂരിലേക്ക്‌ ബസിലും അവിടെ നിന്ന്‌ ട്രെയിനില്‍ ആഗ്രയിലേക്കും എത്തിയത്‌.തുടര്‍ന്ന്‌ 28ന്‌ കെകെ എക്‌സ്‌പ്രസ്‌ ട്രെയിനില്‍ ചെങ്ങന്നൂരിലേക്ക്‌ പുറപ്പെടുകയായിരുന്നു. ത്രീടയര്‍ എസി കംപാര്‍ട്ടുമെന്റില്‍ മുകളിലെയും നടുവിലെയും ബര്‍ത്തുകളാണ്‌ ഇവര്‍ക്ക്‌ ലഭിച്ചത്‌. താഴത്തെ ബര്‍ത്തിന്‌ അടിയില്‍ ആഭരണങ്ങള്‍ വെച്ചിരുന്ന ചെറിയബാഗ്‌ ഉള്‍ക്കൊള്ളുന്ന പെട്ടി താഴിട്ടുപൂട്ടിയശേഷം ബര്‍ത്തിന്റെ കാലിനോട്‌ ചേര്‍ത്ത്‌ ചങ്ങലയിട്ട്‌ ബന്ധിപ്പിച്ചിരുന്നു.

30 ന്‌ വീട്ടിലെത്തി പെട്ടി തുറന്നപ്പോഴാണ്‌ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാഗ്‌ നഷ്ടപ്പെട്ട വിവരമറിഞ്ഞത്‌. തുടര്‍ന്ന്‌ തങ്ങള്‍ ബാഗ്‌ വീട്ടില്‍ നിന്നും എടുക്കാന്‍ മറന്നതാകുമെന്ന്‌ കരുതി സിക്കറില്‍ലുള്ള ഭാര്യാസഹോദരനെ വിളിച്ച്‌ വീട്‌ തുറന്ന്‌ പരിശോധിപ്പിച്ചെങ്കിലും ബാഗ്‌ കണ്ടെത്താനായില്ല.

ബാഗ്‌ നഷ്ടമായത്‌ ട്രെയിനില്‍ വെച്ചു തന്നെയാണെന്ന്‌ ഉറപ്പായതിനെ തുടര്‍ന്ന്‌ ചെങ്ങന്നൂര്‍ പോലീസില്‍ ബുധനാഴ്‌ച പരാതി നല്‍കി. 12 ലക്ഷം രൂപ വില വരുന്ന ആഭരണമാണ്‌ നഷ്ടമായത്‌. സിബ്‌ ചേര്‍ന്ന പെട്ടിയില്‍ സ്‌ക്രൂഡ്രൈവറോ, പേനയോ ഉപയോഗിച്ച്‌ സിബ്‌ തുറന്ന്‌ മോഷണം നടന്നതാകാമെന്ന്‌ പോലീസ്‌ കരുതുന്നു. റെയില്‍വെ, റെയില്‍വെ പോലീസ്‌ എന്നിവര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. പ്രാഥമിക അന്വേഷണത്തിന്‌ ശേഷം പരാതി ചെങ്ങന്നൂര്‍ പോലീസ്‌ റെയില്‍വെ പോലീസിന്‌ കൈമാറി.