ഒമാനില്‍ മലയാളി നഴ്‌സ്‌ കുത്തേറ്റ്‌ മരിച്ചു

nurseസലാല: ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ്‌ മോഷ്ടാക്കളുടെ കുത്തേറ്റ്‌ മരിച്ചു. എറണാകുളം അങ്കമാലി കുറുകുറ്റി സ്വദേശി അസീസി നഗറില്‍ തെക്കേതില്‍ ഐരുകാരന്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു റോബര്‍ട്ടാണ്‌(27) മരിച്ചത്‌. മൂന്ന്‌ മാസം ഗര്‍ഭിണിയായി ഇവരെ ബുധനാഴ്‌ച രാത്രി 10 മണിയോടെയാണ്‌ സലാല ടൗണിലെ താമസസ്ഥലത്ത്‌ മരിച്ച നിലയില്‍ കണ്ടത്‌.

ബദര്‍ അല്‍ സമ ആശുപത്രിയിലെ സ്റ്റാഫ്‌ നഴ്‌സാണ്‌ ചിക്കു. 10 മണിയായിട്ടും ഇവരെ കാണാതായതോടെ ഇതെ ആശുപത്രിയിലെ ജോലി ചെയ്യുന്ന ഭര്‍ത്താവ്‌ ലിന്‍സണ്‍ അന്വേഷിച്ചെത്തിയപ്പോഴാണ്‌ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ചിക്കുവിനെ കണ്ടത്‌.

നാലുവര്‍ഷമായി ഇവര്‍ സലാലയില്‍ ജോലി ചെയ്‌തുവരികയാണ്‌. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. മാതാവ്‌: സാബി. സഹോദരി: സയന.