സിനിമ സാംസ്‌ക്കാരിക വളര്‍ച്ചയുടെ അടയാളം;നിലമ്പൂര്‍ ആയിശ

nilabur film festival delegate pass-2നിലമ്പൂര്‍:സിനിമ വിനോദോപാധി മാത്രമല്ല, സാംസ്‌ക്കാരിക വളര്‍ച്ചക്ക്‌ കാരണമായ മാധ്യമമാണെന്നും പ്രശസ്‌ത നടി നിലമ്പൂര്‍ ആയിഷ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ സിനിമകള്‍ അവിടുത്തെ ജനജീവിതത്തെയും സാംസ്‌ക്കാരിക വളര്‍ച്ചയെയും അടുത്തറിയാനുമുള്ള ഉപാധിയാണെന്നും അവര്‍ പറഞ്ഞു. ഐ.എഫ്‌.എഫ്‌.കെ മേഖലാ നിലമ്പൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ്‌ പാസ്‌ വിതരണം നിലമ്പൂര്‍ ഫെയറിലാന്റ്‌ തിയറ്ററില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അവര്‍. മികച്ച ഡബ്ബിങ്‌ ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്‌ നേടിയ നിലമ്പൂര്‍ അഫ്‌സത്ത്‌ ഡെലിഗേറ്റ്‌ പാസ്‌ ഏറ്റുവാങ്ങി.

നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്‌ അധ്യക്ഷനായി. ഡെലിഗേറ്റ്‌ കിറ്റ്‌ വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു. ലോകത്തെ മികച്ച സിനിമകള്‍ കാണാന്‍ മലബാറുകാര്‍ക്ക്‌ ലഭിച്ച അപൂര്‍വ്വ അവസരമാണ്‌ നിലമ്പൂര്‍ ചലച്ചിത്രോത്സവമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. 37 മികച്ച സിനിമകളാണ്‌ 20 മുതല്‍ 24 വരെ അഞ്ചു ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്‌. പരിപാടിയില്‍ ബി-പ്ലസ്‌ മൂവീസ്‌ തയ്യാറാക്കിയ ചലച്ചിത്രോത്സവത്തിന്റെ പ്രമോ പ്രദര്‍ശിപ്പിച്ചു. നിലമ്പൂരിലെ കലാകാരന്‍മാരാണ്‌ പ്രമോ തയ്യാറാക്കിയത്‌. നഗരസഭാ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ പാലോളി മെഹബൂബ്‌, കൗണ്‍സിലര്‍മാരായ സ്‌മിത മോള്‍, വാളപ്ര ബാപ്പു, സതീദേവി ഉണ്ണികൃഷ്‌ണന്‍, ശോഭന കാഞ്ഞിരത്തിങ്ങല്‍, ബിന്ദു രവികുമാര്‍, കെ.പി മുജീബ്‌ റഹ്‌മാന്‍ സംസാരിച്ചു.