മലയാള സിനിമയിലേക്ക് കള്ളപണം ഒഴുകുന്നു.

കൊച്ചി : മലയാള സിനിമയിലേക്ക് വന്‍തോതില്‍ കള്ളപണം ഒഴുകുന്നതായി സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് വകുപ്പിന്റെ വെളിപ്പെടുത്തല്‍. സിനിമാതാരങ്ങളും സംവിധായകരും പ്രതിഫലതുക കുറച്ചു കാണിക്കുന്നതായും കണ്ടെത്തി. കണ്ടെത്തിയ വിവരങ്ങള്‍ ആദായ വകുപ്പിന് സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസിന് കൈമാറി.

പല സംവിധായകര്‍ക്കും താരങ്ങള്‍ക്കും അവര്‍ കാണിച്ചിട്ടുള്ള വരുമാനത്തേക്കാള്‍ അധികം സ്വത്തുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഒരു വര്‍ഷം 200 കോടിയുടെ കള്ളപണം മലയാള സിനിമയില്‍ ഒഴുകുന്നുണ്ടെന്നാണ് കണ്ടെത്തിയിരുക്കുന്നത്. നടന്‍ ദിലീപിന്റെ വീട്ടില്‍ നടന്ന പരിശോധനയുടെ പേര് ഓപ്പറേഷന്‍ ദ്വാരക എന്നാണെന്നും ഉദേ്യാഗസ്ഥര്‍ വ്യക്തമാക്കി. ഗോപാലകൃഷ്ണന്‍ എന്ന ദിലീപിന്റെ യഥാര്‍ത്ഥ പേരില്‍ നിന്നാണ് ദ്വാരക എന്ന പേര് ഉണ്ടായതെന്നും വരും ദിവസങ്ങളിലും ഓപ്പറേഷന്‍ ദ്വാരക തുടരുമെന്നും ഉദേ്യാഗസ്ഥര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സേവന നികുതി അടക്കാത്തതിന്റെ പേരില്‍ ദിലീപിന്റെ വീട്ടില്‍ സെന്‍ട്രല്‍ എക്‌സെസസ് ആന്റ് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് റെയ്ഡ് നടത്തുകയും ഇതേ തുടര്‍ന്ന് ദിലീപ് കസ്റ്റംസ് ആന്റ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുമ്പില്‍ ഹാജരാകുകയും ചെയ്തിരുന്നു.