വേങ്ങര ഉപതെരഞ്ഞെടുപ്പ്:പരസ്യങ്ങള്‍ക്ക് അനുമതി വാങ്ങണം

മലപ്പുറം: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ നല്‍കുന്ന രാഷ്ട്രീയ- പ്രചാരണ പരസ്യങ്ങള്‍ക്കും ബള്‍ക്ക് എസ്.എം.എസുകള്‍, വോയ്‌സ് മെസേജുകള്‍ എന്നിവക്കും ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി(എം.സി.എം.സി.)യുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. പെരുമാറ്റചട്ടം നിലനില്‍ക്കുന്ന കാലയളവില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ടി.വി. ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, റേഡിയോ, പ്രൈവറ്റ് എഫ്.എം. ചാനലുകള്‍, സിനിമാ ഹാളുകള്‍, ഇന്റര്‍നെറ്റ് അധിഷ്ഠിത വെബ്‌സൈറ്റുകള്‍, സാമൂഹിക മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങളിലെ ഓഡിയോ- വിഷ്വല്‍ ഡിസ്‌പ്ലേകള്‍ എന്നിവിടങ്ങളില്‍ രാഷ്ട്രീയ സ്വഭാവത്തിലുള്ള പരസ്യങ്ങള്‍ നല്‍കുന്നതിനും ബള്‍ക്ക് എസ്.എം.എസുകള്‍, വോയ്‌സ് മെസേജുകള്‍ എന്നിവക്കും എം.സി.എം.സി.യുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ജില്ലാ കലക്ടര്‍ അമിത് മീണ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍ മെമ്പര്‍ സെക്രട്ടറിയുമായി പെയ്ഡ് ന്യൂസ് സംബന്ധിച്ച മോണിറ്ററിങ് നടത്തുന്നതിനും പരസ്യങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും എം.സി.എം.സി. നിലവില്‍ വന്നു. അസിസ്റ്റന്റ് കലക്ടര്‍ അരു കെ വിജയന്‍, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ സി. ഉദയകുമാര്‍, പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് ബാബു എന്നിവര്‍ അംഗങ്ങളാണ്. ഡെപ്യൂട്ടി കലക്ടര്‍ എ. നിര്‍മ്മലകുമാരിയാണ് നോഡല്‍ ഓഫീസര്‍.
മുന്‍കൂര്‍ അനുമതി ലഭിക്കുന്നതിനായി പരസ്യങ്ങള്‍ തയ്യാറാക്കാനുള്ള ചെലവ്, പ്രക്ഷേപണം ചെയ്യുതിനുള്ള ചെലവ്, എത്ര തവണ പരസ്യം ചെയ്യും എന്നീ വിവരങ്ങള്‍ അടങ്ങിയ നിശ്ചിത പെര്‍ഫോമയിലുള്ള അപേക്ഷ പരസ്യത്തിന്റെ രണ്ട് കോപി സി.ഡി./ഹാര്‍ഡ് കോപി സഹിതം എം.സി.എം.സി. ചെയര്‍മാനായ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. അനുമതി നല്‍കിയ ശേഷം ഇതിന്റെ ചെലവ് വിവരങ്ങള്‍ ഷാഡോ ഒബ്‌സര്‍വേഷന്‍ രജിസ്റ്ററില്‍ ചേര്‍ക്കുതിനായി ചെലവ് നിരീക്ഷണ വിഭാഗത്തിന് കൈമാറും.
ഇലക്‌ട്രോണിക് മീഡിയാ പരസ്യങ്ങളുടെയും അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍/പണം നല്‍കിയുള്ള വാര്‍ത്തകള്‍ എന്നിവയുടെയും ചെലവ് സംബന്ധിച്ച വിശദാംശങ്ങള്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും സമര്‍പ്പിക്കണം.
ഇതുകൂടാതെ പണം നല്‍കിയുള്ള ഇലക്ഷന്‍ വാര്‍ത്തകളും പരസ്യങ്ങളും നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും കലക്ടറേറ്റിലെ എം.സി.എം.സി. കട്രോള്‍ റൂമില്‍ വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Related Articles