Section

malabari-logo-mobile

‘ഓപ്പറേഷന്‍ റെയിന്‍ബോ’: വാഹന പരിശോധനയ്‌ക്ക്‌ തുടക്കം

HIGHLIGHTS : മലപ്പുറം; മഴക്കാല റോഡപകടങ്ങള്‍ കുറയ്‌ക്കുന്നതിന്‌ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന 'ഓപ്പറേഷന്‍ റെയിന്‍ബോ' ബോധവത്‌കരണ പരിപാടിയു...

മലപ്പുറം; മഴക്കാല റോഡപകടങ്ങള്‍ കുറയ്‌ക്കുന്നതിന്‌ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന ‘ഓപ്പറേഷന്‍ റെയിന്‍ബോ’ ബോധവത്‌കരണ പരിപാടിയുടെ ഭാഗമായി ജൂണ്‍ രണ്ട്‌ മുതല്‍ ജില്ലയില്‍ വാഹന പരിശോധന നടത്തും. വാഹനങ്ങളുടെ ഫിറ്റ്‌നസ്‌ പരിശോധിച്ച്‌ ഗതാഗത യോഗ്യമാണെന്ന്‌ ഉറപ്പുവരുത്തുമെന്ന്‌ ജില്ലാ പൊലീസ്‌ മേധിവി അറിയിച്ചു. വൈപ്പര്‍, ടൈല്‍ ലാംപ്‌, ടയറുകള്‍ എന്നിവ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്ന്‌ ഉറപ്പാക്കും. അല്ലാത്ത വാഹനങ്ങള്‍ ജൂണ്‍ ഏഴിനകം പ്രവര്‍ത്തനക്ഷമമാക്കുന്നതിന്‌ നടപടി സ്വീകരിക്കും. ഹെല്‍മറ്റ്‌ ധരിക്കാതെയും ലൈസന്‍സില്ലാതെയും മദ്യപിച്ചും അപകടകരമായ രീതിയിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും മോട്ടോര്‍ സൈക്കിളില്‍ രണ്ടില്‍ കൂടുതല്‍ ആളുകളെ കയറ്റി വാഹനം ഓടിക്കുന്നവര്‍ക്കും ഉടമസ്ഥര്‍ക്കും എടപ്പാളിലുള്ള ഐ.ഡി.ടി.ആര്‍ കേന്ദ്രത്തില്‍ ഒരു ദിവസത്തെ പരിശീലനം നല്‍കും. സ്‌കൂള്‍ ബസുകളുടെ കാര്യത്തില്‍ ഫിറ്റ്‌നസ്‌ സംബന്ധമായും ഡ്രൈവര്‍, ആയ എന്നിവരെ നിയമിക്കുന്ന കാര്യത്തിലും നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പു വരുത്തും. എല്ലാ സ്‌കൂളുകളിലും ജാഗ്രതാ സമിതികള്‍ രൂപവത്‌കരിച്ച്‌ അതിന്റെ കീഴില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. സ്‌കൂള്‍ മാനെജര്‍, പി.ടി.എ പ്രതിനിധികള്‍, ഡ്രൈവര്‍, മാനെജ്‌മെന്റ്‌ പ്രതിനിധികള്‍ എന്നിവര്‍ക്ക്‌ ട്രാഫിക്‌ ബോധവര്‍ക്കണ ക്ലാസുകള്‍ നല്‍കും. സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്നതിനുപയോഗിക്കുന്ന മറ്റ്‌ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക്‌ ബോധവത്‌ക്കരണ ക്ലാസുകള്‍ നല്‍കും. പഞ്ചായത്ത്‌ / നഗരസഭാ അധികൃതരുമായി ബന്ധപ്പെട്ട്‌ കെ.പി ആക്‌ട്‌ 72 വകുപ്പ്‌ പ്രകാരമുള്ള ട്രാഫിക്‌ റെഗുലേഷന്‍ കമ്മിറ്റികള്‍ രൂപവത്‌കരിച്ച്‌ പഞ്ചായത്ത്‌ / നഗരസഭാ തലത്തില്‍ അപകട പരിഹാര മാര്‍ഗങ്ങള്‍ അവലംബിക്കും. 18 വയസിനു താഴെയുള്ള കുട്ടികള്‍ വാഹനങ്ങള്‍ ഓടിക്കുന്നത്‌ തടയുന്നതിനായി ഉടമകള്‍ക്കും കുട്ടികളുടെ രക്ഷിതാക്കള്‍ക്കും ഐ.ഡി.ടി.ആര്‍ കേന്ദ്രത്തില്‍ ഒരു ദിവസത്തെ പഠനക്ലാസ്‌ നല്‍കും. പരിശോധനയില്‍ ഗതാഗതയോഗ്യമാണെന്ന്‌ ഉറപ്പു വരുത്തിയ വാഹനങ്ങളില്‍ ചെക്ക്‌സ്ലിപ്പ്‌ പതിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!