പാഷന്‍ ഫ്രൂട്ട്‌ കൃഷി പാഷനാക്കിയ സുഹൃത്തുക്കള്‍

PATION FRUIT copyവള്ളിക്കുന്ന്‌: വേലിപ്പടര്‍പ്പുകളിലും മരങ്ങളിലും പടര്‍ന്ന്‌ പന്തലിച്ച്‌ ആരുമാരും ശ്രദ്ധിക്കാനില്ലാതെ അലക്ഷ്യമായി വളരുന്ന പാഷന്‍ ഫ്രൂട്ടിനെ ശാസ്‌ത്രീയമായി പരിചരിച്ച്‌ സുഹൃത്തുക്കളുടെ ഹരിതവിപ്ലവം. വള്ളിക്കുന്ന്‌ ഒലിപ്രം തിരുത്തിയിലാണ്‌ 25 സെന്റ്‌ സ്ഥലത്താണ്‌ പര്‍പ്പിള്‍ ഇനത്തില്‍പ്പെട്ട പാഷ്‌ന്‍ ഫ്രൂട്ട്‌ വിളയിച്ചിരിക്കുന്നത്‌. ലേബര്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന്‌ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറായി വിരമിച്ച വലിയ കോഴിക്കാട്ടില്‍ അയ്യപ്പന്‍, അപ്പോളോ ടയേഴ്‌സില്‍ നിന്നും വിരമിച്ച തറയില്‍കാട്ടില്‍ വാസു എന്നിവര്‍ ചേര്‍ന്നാണ്‌ പാഷന്‍ ഫ്രൂട്ട്‌ കൃഷി ഒരുക്കിയത്‌.

ഇവരുടെ തോട്ടത്തില്‍ നൂറുകണക്കിന്‌ പാഷന്‍ ഫ്രൂട്ടുകളാണ്‌ വിളവെടുപ്പിന്‌ പാകമായി നില്‍ക്കുന്നത്‌. ജോലിയില്‍ നിന്ന്‌ വിരമിച്ച ശേഷം എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്ന അവസരത്തിലാണ്‌ ഇരുവരും പാഷന്‍ ഫ്രൂട്ട്‌ കൃഷിയിലേക്കിറങ്ങുന്നത്‌. ജനുവരിമാസത്തിലാണ്‌ പര്‍പ്പിള്‍ ഇനത്തില്‍പ്പെട്ട പാഷന്‍ ഫ്രൂട്ട്‌ ഇവര്‍ കൃഷി ചെയ്‌തത്‌. വര്‍ഷത്തില്‍ ഏപ്രില്‍ മെയ്‌ മാസങ്ങളൊഴിച്ച്‌ വിളവ്‌ ലഭിച്ചതായും ഇവര്‍ പറഞ്ഞു.

ആരും ശ്രദ്ധിക്കാതെ പോവുന്ന പാഷന്‍ ഫ്രൂട്ട്‌ ഒട്ടുമിക്ക ജീവിത ശൈലി രോഗങ്ങള്‍ക്കും പ്രതിവിധിയാണെന്നും പോഷകങ്ങളുടെ കലവറയാണെന്നും ഇരുവരും പറയുന്നു. നമ്മുടെ നാട്ടിലെ മണ്ണും കാലാവസ്ഥയും ഈ കൃഷിക്ക്‌ യോജിച്ചതാണെന്നും വലിയ കൃഷിയിടം ഇല്ലെങ്കില്‍ പോലും മുറ്റത്തോ അടുക്കളത്തോട്ടത്തിലോ വളര്‍ത്തിയെടുക്കാവുന്നതാണ്‌. വിളവ്‌ ലഭിച്ച്‌ തുടങ്ങിയാല്‍ രണ്ടു സീസണില്‍ തുടര്‍ച്ചയായി അഞ്ചു മുതല്‍ ആറു വര്‍ഷം വരെ കായ്‌ഫലം ലഭിക്കും എന്നതാണ്‌ ഇതിന്റെ പ്രത്യേകത. ആറടി ഉയരമുള്ള ഉറപ്പുള്ള പന്തലിലാണ്‌ പാഷന്‍ ഫ്രൂട്ട്‌ വള്ളികള്‍ വളര്‍ത്തേണ്ടത്‌.

ആദ്യ പരിശ്രമം വിജയമായതോടെ കൂടുതല്‍ സ്ഥലത്തേക്ക്‌ കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഇരുവരും. പാഷന്‍ ഫ്രൂട്ട്‌ സ്‌ക്വാഷ്‌ നിര്‍മ്മാണ രംഗത്തേക്ക്‌ വീട്ടമ്മമാര്‍ കടന്നു വന്നാല്‍ കുറഞ്ഞ ചിലവില്‍ ഒരു വരുമാനമാര്‍ഗമാവുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും ഇവര്‍ പറയുന്നു.

ഒലിപ്രം തിരുത്തിയിലെ വാസുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുതന്നെയാണ്‌ കൃഷി ഒരുക്കിയിട്ടുള്ളത്‌. 1974 ല്‍ തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും കൃഷിയില്‍ ഡിപ്ലോമ നേടിയിട്ടുള്ള അയ്യപ്പന്‍ ആറുവര്‍ഷത്തോളം കൃഷി വകുപ്പില്‍ ജോലി ചെയ്‌തിട്ടുണ്ട്‌.

പാഷന്‍ ഫ്രൂട്ട്‌ കൃഷിയെ കുറിച്ച്‌ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ ഈ നമ്പറുകളില്‍ 9846275850,9400791263 ഇവരെ ബന്ധപ്പെടാം.

Related Articles