ഭര്‍ത്താവിന്റെ മദ്യപാനം;വള്ളിക്കുന്ന്‌ സ്വദേശിനിയുടെ പരാതിയില്‍ ഭര്‍ത്താവിനെ 2 ലക്ഷം കൊടുത്ത്‌ ഒഴിവാക്കി

മലപ്പുറം;മദ്യപിച്ച്‌ ദിവസവും വീട്ടിലെത്തി പ്രശ്‌നങ്ങളുണ്ടാക്കുന്ന ഭര്‍ത്താവിനെതിരെ വള്ളിക്കുന്ന്‌ സ്വദേശിനി സംസ്ഥാന വനിതാ കമ്മീഷന്‌ നല്‍കിയ പരാതി ഒത്തുതീര്‍പ്പായി. ഗൃഹനാഥന്‍ വീട്ടില്‍ കയറാന്‍ പാടില്ലെന്ന വ്യവസ്ഥയില്‍ അദ്ദേഹത്തിന്‌ രണ്ട്‌ ലക്ഷം രൂപ നല്‍കിയാണ്‌ വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബീനാ റഷീദിന്റെ സാന്നിധ്യത്തില്‍ കേസ്‌ ഒത്തുതീര്‍ന്നത്‌. വ്യവസ്ഥ പ്രകാരം പണം കൈപ്പറ്റിയ ഗൃഹനാഥന്‍ കരാര്‍പത്രത്തില്‍ ഒപ്പിട്ടതോടെ ഭാര്യക്കും മക്കള്‍ക്കും സ്വസ്ഥമായി വീട്ടില്‍ കഴിയാന്‍ സാഹചര്യമൊരുങ്ങിയതായി കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ നടന്ന മെഗാ അദാലത്തിനു ശേഷം അഡ്വ. നൂര്‍ബീനാ റഷീദ്‌ പറഞ്ഞു.
സിറ്റിങില്‍ പരിഗണിച്ച ആകെ 51 പരാതികളില്‍ 26 എണ്ണം തീര്‍പ്പായി. മൂന്ന്‌ പരാതികള്‍ ഫുല്‍ കമ്മീഷന്റെ പരിഗണനയ്‌ക്കും മൂന്നെണ്ണം പൊലീസ്‌ അന്വേഷണത്തിനും കൈമാറി. 19 കേസുകള്‍ അടുത്ത അദാലത്തിലേക്ക്‌ മാറ്റിവെച്ചു. സിറ്റിങില്‍ അഡ്വ.കെ.വി. ഹാറൂന്‍ റഷീദ്‌, അഡ്വ. സൗദാബി, ജില്ലാ സാമൂഹിക നീതി ഓഫീസ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.