മലപ്പുറം ജില്ലയില്‍ പ്രതിരോധ വാക്‌സിന്‍ ക്ഷാമം പരിഹരിച്ചു;

മലപ്പുറം: ഡിഫ്തീരിയ രോഗം പടര്‍ന്ന് ഭീതി വിതച്ച മലപ്പുറം ജില്ലയില്‍ പ്രതിരോധ വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായി. ടിഡി വാക്‌സിന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെപ്പ് നിലച്ചിരുന്നു. നാല് ലക്ഷം ഡോസ് പ്രതിരോധ വാക്‌സിനാണ് ആരോഗ്യവകുപ്പ് ഇടപെട്ട് ഞായറാഴ്ച ജില്ലയിലെത്തിച്ചത്

വാക്‌സിന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന പ്രതിരോധ കുത്തിവെപ്പ് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. അടിയന്തരമായി രണ്ടര ലക്ഷം ഡോസ് വാക്‌സിനാണ് ജില്ല ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 4 ലക്ഷം ഡോസ് പ്രതിരോധ വാക്‌സിന്‍ ആരോഗ്യവകുപ്പ് ജില്ലക്ക് കൈമാറി. ഇതോടെ വരും ദിവസങ്ങളില്‍ നിര്‍ത്തിവെച്ചിരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്

ആരോഗ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ചേര്‍ന്ന യോഗത്തില്‍ മൂന്ന് മാസത്തിനകം ജില്ലയിലെ മുഴുവന്‍ പേര്‍ക്കും കുത്തിവെപ്പ് നല്‍കാന്‍ തീരുമാനമായിരുന്നു. ആവശ്യത്തിന് വാക്‌സിന്‍ ജില്ലയിലെത്തിയതോടെ കര്‍മ്മ പദ്ധതിയനുസരിച്ച് മുഴുവന്‍ പേര്‍ക്കും നിശ്ചിതസമയത്തിനകം കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍.