തിരൂരില്‍ കുട്ടികളെ വീട്ടില്‍നിന്നിറക്കിവിട്ട രണ്ടാനമ്മ റിമാന്‍ഡില്‍

തിരൂര്‍:നാല് കുട്ടികളെ വീട്ടില്‍നിന്നിറക്കിവിട്ട രണ്ടാനമ്മയെ റിമാന്‍ഡ് ചെയ്തു. തിരുന്നാവായ വൈരങ്കോട് കടവത്ത്പറമ്പില്‍ റഷീദ(32)യെയാണ് മഞ്ചേരി ജുവനൈല്‍ കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് മൂന്ന് വയസ്സുകാരനുള്‍പ്പെടെ നാലും കുട്ടികളെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. ഇവരുടെ ഭര്‍ത്താവ് കൂട്ടായി മുന്നിടിക്കല്‍ അബ്ബാസിന്റെ ആദ്യ ഭാര്യയിലെ കുട്ടികളെയാണ് റഷീദ കൂട്ടായിലെ വീട്ടില്‍ നിന്ന് പുറത്താക്കിയത്. സഹദ്(മൂന്ന്), അല്‍ഫാസ്(7), ഹര്‍ഷില്‍(13), അമീന്‍(14) എന്നിവരെയാണ് പുറത്താക്കിയത്.

നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് മലപ്പുറം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൂട്ടായിലെത്തി കുട്ടികളെ ഏറ്റെടുക്കുകയായിരുന്നു. പൊന്നാനി കോടതി കുട്ടികളുടെ ഉമ്മയുടെ സഹോദരി മൈമൂനയ്ക്ക് കുട്ടികളെ കൈമാറി.

കുട്ടികളുടെ ഉമ്മയുടെ ഉപ്പ കുറ്റിക്കാട്ടില്‍ മൊയ്തീന്‍കുട്ടി നല്‍കിയ പരാതിയില്‍ റഷീദയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.