തിരൂര്‍ക്കാരന്‍ ഹംസക്ക് ഇനി ഇന്ത്യന്‍ പൗരത്വം

മലപ്പുറം: ദേശ ചിന്തകളും അതിര്‍ത്തികളും തലക്ക് പിടിക്കാത്ത കാലത്ത് തൊഴില്‍ തേടി രാജ്യം വിട്ട തിരൂര്‍ക്കാരന്‍ ഹംസ ബിന്‍ സൈതാലിക്ക് ഇനി ഇന്ത്യക്കാരനായി ജീവിക്കാം. ജോലി അന്വേഷിച്ച് 1957 ല്‍ മലേഷ്യലെത്തി പൗരത്വം സ്വീകരിച്ച തിരൂര്‍ക്കാരനാണ് പിന്നീട് ഇന്ത്യക്കാരനാണ് തെളിയിക്കാന്‍ പെടാപ്പാട് പെട്ടത്.

14ാം വയസ്സില്‍ മലേഷ്യയിലെത്തിയപ്പോള്‍ അവിടെ പൗരത്വം കിട്ടാന്‍ എളുപ്പമായിരുന്നു. ഇടക്കിടെ സ്വന്തം നാടായ തിരൂരിലെ മൂത്തൂരിലെത്തുന്നതിനും കുടുംബത്തോടൊപ്പം താമസിക്കുതിനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പിന്നീടാണ് പാസ്‌പോര്‍ട്ടും വിസയും രാജ്യം വിട്ടുള്ള യാത്രയും തിരൂരിലെ സ്ഥിര താമസവും എല്ലാ പ്രശ്‌നമായി തുടങ്ങിയത്. പിന്നീട് ഇന്ത്യന്‍ പൗരത്വം കിട്ടാനുള്ള പരക്കം പാച്ചിലയിരുന്നു. 2001 ലാണ് ഇന്ത്യന്‍ പൗരത്വം തേടി ജില്ലാ കലക്ടര്‍ക്ക് ഹംസ അപേക്ഷ നല്‍കിയത് ഭാഷയിലും വേഷത്തിലും പൂര്‍ണമായും തിരൂര്‍ക്കാരായിരുന്നിട്ടും ഹംസയുടെ അപേക്ഷയിലുള്ള നടപടികള്‍ നീണ്ടു.
അവസാനം നടപടികള്‍ എല്ലാ പൂര്‍ത്തിയാക്കി കല്‌റേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഇന്ത്യന്‍ പൗരത്വം ആലേഖനം ചെയ്ത സര്‍ട്ടിഫിക്കറ്റ് ഹംസക്ക് കൈമാറി.