തിരൂരില്‍ തൊഴിലാളിയെ തലയ്ക്കടിച്ച് പണം കവര്‍ന്നു

തിരൂര്‍: തൊഴിലാളിയെ കല്ലുകൊണ്ടടിച്ച് വീഴ്ത്തി പണം കവര്‍ന്നു. പട്ടാപകലാണ് തിരൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം വെച്ച് സംഭവം നടന്നത്. താനൂര്‍ മോര്യ സ്വദേശി പ്രഭാകരനെ(46)നെ മേല്‍പ്പാലത്തിന് സമീപത്തെത്തിയപ്പോള്‍ തടഞ്ഞു നിര്‍ത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച പ്രഭാകരനെ ഇവരുടെ സംഘത്തിലെ ഒരാള്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ നിത്യചെലവിനായി കയ്യില്‍ കരുതിയിരുന്ന 300 രൂപയാണ് കൊളളയടിച്ചത്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ബസില്‍ എത്തിയ പ്രഭാകരന്‍ നിര്‍മ്മാണ ജോലിക്കായി തൃക്കണ്ടിയൂരിലേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. തലയ്ക്കും ചെവിയ്ക്കും ഗുരുതരമായി പരിക്കേറ്റ പ്രഭാകരനെ ചോരവാര്‍ന്നു കിടക്കുന്നത് കണ്ട നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.