സിഗററ്റിന്റെ പണം നല്‍കിയില്ല ;തിരൂരില്‍ സുഹൃത്തിനെ കൊലപ്പെടുത്തി

Story dated:Thursday September 15th, 2016,10 39:pm
sameeksha sameeksha

untitled-1-copyതിരൂര്‍: വാങ്ങിയ സിഗററ്റിന് പണം നല്‍കാത്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബീഹാര്‍ സ്വദേശിയായ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി. തിരൂരില്‍ മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നത്. ബീഹാര്‍ സ്വദേശിയായ മുകേഷ് പാസ്വാനെ ഒരുമിച്ച് ജോലി ചെയ്യുന്ന ജിതേന്ദ്ര റാം ആണ് കൊലപ്പെടുത്തിയത്.

ആദ്യം സ്വാഭാവിക മരണമെന്ന് കണക്കാക്കിയെങ്കിലും പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. മരിച്ചയാളുടെ ശരീരത്തില്‍ മുറവുകളോ പരിക്കുകളോ ഉണ്ടായിരുന്നില്ല. പോസ്റ്റുമോര്‍ട്ടത്തില്‍ എന്തോ ആ്‌യുധമുപയോഗിച്ച് കുത്തേറ്റതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മുറിയില്‍ തന്നെ താമസിച്ചിരുന്ന ജിതേന്ദ്ര റാമിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇതെ തുടര്‍ന്ന് ഇയാള്‍ ഉണ്ടായ സംഭവം പോലീസിനോട് പറയുകയായിരുന്നു.

കഴിഞ്ഞദിവസം സാധനങ്ങള്‍ വാങ്ങുമ്പോള്‍ മുകേഷ് പാസ്വാന്‍ സിഗററ്റ് വാങ്ങിയതാണ് ഇരുവരും തമ്മില്‍ തര്‍ക്കത്തിനിടയാക്കിയത്. സിഗററ്റിന്റെ വിലയായ അഞ്ച് രൂപ നല്‍കാന്‍ മുകേഷ് തയ്യാറായില്ല. ഇതെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ കത്രിക തലതിരിച്ച് പിടിച്ച് ജിതേന്ദ്ര മുകേഷിനെ കുത്തുകയായിരുന്നു.