തിരൂരില്‍ മദ്യപിച്ചതിന് പിടികൂടിയ സ്‌കൂള്‍ ജീപ്പ് ഡ്രൈവര്‍ രക്ഷുപ്പെട്ടു

തിരൂര്‍: സ്‌കൂള്‍ വാഹനത്തിലിരുന്ന് മദ്യപിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയ ജീപ്പ് ഡ്രൈവര്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപ്പെട്ടു. വാഹനത്തില്‍നിന്ന് ഒരു ലിറ്ററിന്റെ മദ്യക്കുപ്പി കണ്ടെടുത്തു. തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്കൂളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുവരുന്ന ജീപ്പ് ഡ്രൈവര്‍ തുളസീധരനെയാണ് മദ്യപിക്കുന്നതിനിടെ എംവിഐ എം അനസ് മുഹമ്മദ് പിടികൂടിയത്.

സ്കൂളിനുമുന്നില്‍ നിര്‍ത്തിയിട്ട ജീപ്പില്‍ മദ്യപിക്കുന്നതായ വിവരത്തെ തുടര്‍ന്നാണ് എംവിഐ സ്ഥലത്തെത്തിയത്. പരിശോധനയില്‍ ഡ്രൈവറുടെ സീറ്റിന്റെ അടിയില്‍ സൂക്ഷിച്ച ഒരു ലിറ്ററിന്റെ റം ബോട്ടില്‍ പിടിച്ചെടുത്തു. 12 വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായി നില്‍ക്കുന്നതിനിടെയാണ് ഡ്രൈവര്‍ മദ്യപിച്ചത്. ഇയാളെ കൊണ്ടുപോകുന്നതിനിടെ എക്സൈസ് വാഹനത്തില്‍നിന്ന് ചാടിരക്ഷപ്പെടുകയായിരുന്നു.
സ്കൂള്‍ വാഹന ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതായ വിവരത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.