തിരൂരില്‍ മാരുതി ബെന്‍സാക്കിയ ഉടമ പെട്ടു

തിരൂര്‍: മാരുതി കാറിനെ രൂപമാറ്റം വരുത്തി ആഢംബര കാറായ ബെന്‍സാക്കിയ ഉടമ പെട്ടു. പരാതിയെ തുടര്‍ന്ന് അധികൃതര്‍ ഇടപെട്ടതോടെ കാര്‍ വീണ്ടും പഴയ മാരുതിയാക്കി മാറ്റി.

മാരുതി കാറിന്റെ ടയര്‍, മുന്‍വശം, രൂപ ഘടന എന്നിവയില്‍ മാറ്റം വരുത്തി കാര്‍ കണ്ടാല്‍ ബെന്‍സ് തന്നെ എന്ന് തോന്നുന്ന തരത്തിലാണ് രൂപമാറ്റം വരുത്തിയത്. ഇതെ കുറിച്ച് തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കു പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് തിരൂര്‍ എംവിഐ കെ അനസ് മുഹമ്മദ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കാര്‍ ഉടമ മഞ്ചേരിയിലെ കച്ചവടക്കാര്‍ക്ക് കാര്‍ കൈമാറിയത്.

ഇതെതുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ കാര്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് തിരൂര്‍ ജോയിന്റ് ആര്‍ടിഒ സി.യു മുജീബ് വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള കാരണം കാണിക്കല്‍ നോട്ടീസ് കാറിന്റെ ഉടമയായ തിരൂര്‍ തൂവ്വക്കാട് സ്വദേശി മുഹമ്മദിന് നല്‍കി. എന്നാല്‍ ഇയാള്‍ കാര്‍ ഹാജരാക്കാന്‍ 15 ദിവസത്തെ സമയം ആവശ്യപ്പെടുകയായിരുന്നു.

കാര്‍ പഴയ രൂപത്തിലാക്കി ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കി. കാറിനെ മാറ്റാന്‍ ഉപയോഗിച്ച വിലകൂടിയ ഉപകരണങ്ങളും അധികൃതര്‍ക്ക് കൈമാറി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പഴിചുമത്തുമെന്ന് ജോയിന്റ് ആര്‍ടിഒ അറിയിച്ചു.