തിരൂരില്‍ ഇന്നോവ ബൈക്കിലിടിച്ച് നവവരന്‍ മരിച്ചു

തിരൂര്‍: നിയന്ത്രണംവിട്ട ഇന്നോവ കാര്‍ ബൈക്കിലിടിച്ച് നവവരന്‍ മരിച്ചു. എടരിക്കോട് പുതുപറമ്പ് പെരങ്ങോടന്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഷെഫീഖ്(23) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ പയ്യനങ്ങാടി ആലിന്‍ചുവട്ടിലെ വളവിലാണ് അപകടം ഉണ്ടായത്. ഒരാഴ്ച മുമ്പാണ് ഷെഫീഖിന്റെ വിവാഹം കഴിഞ്ഞത്.

തിരൂര്‍ നഗരസഭ ഓഫീസില്‍ നിന്നും വിവാഹ രജിസ്‌ട്രേഷന്‍ നടത്തി ഭാര്യയെ തിരൂരിലെ വീട്ടിലാക്കി തിരിച്ചു പോകുന്നതിനിടയിലാണ് ദാരുണമായ ദുരന്തമുണ്ടായത്. തിരൂര്‍ ഭാഗത്തേക്ക് അമിത വേഗത്തിലെത്തിയ ഇന്നോവ കാര്‍ എതിരെ വരികയായിരുന്ന ഷെഫീഖിന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷെഫീഖിനെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നോവ കാര്‍ സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ആമിനയാണ് ഉമ്മ.

അതെസമയം അപകടം അറിയിച്ചിട്ടും പോലീസ് എത്തിയില്ലെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി സ്ഥലത്തെ റോഡില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കാമെന്ന ഉറപ്പ് നല്‍കിയ ശേഷമാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്.