തിരൂരങ്ങാടിയില്‍ മോഷണം നടത്തി മൂന്ന്‌ പേര്‍ പിടിയില്‍

Untitled-1 copyതിരൂരങ്ങാടി: മൂന്നംഗ മോഷണ സംഘം പോലീസ്‌ പിടിയില്‍. ഹൈവേക്ക്‌ സമീപമുള്ള വീടുകളില്‍ മോഷണം നടത്തുന്ന സംഘമാണ്‌ പോലീസിന്റെ പിടിയിലായത്‌. കോഴിക്കോട് തൊട്ടില്‍പാലം നരോളപറമ്പത്ത് ഷൈജു (ഷിജു– 43), കണ്ണൂര്‍ തില്ലങ്കരി കുന്നത്തുവീട്ടില്‍ ഭാസ്കരന്‍ (ഭാസി– 41), കാസര്‍കോട് ചെര്‍ക്കളം ശബാന മന്‍സിലില്‍ അഹമ്മദ് ഇജാസ് (20) എന്നിവരാണ് പിടിയിലായത്.
തിരൂരങ്ങാടിയില്‍ നടന്ന മോഷണങ്ങളെക്കുറിച്ച് എസ്പി ദേബേഷ്കുമാര്‍ ബെഹ്റയുടെ നിര്‍ദേശാനുസരണം അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞദിവസം പുലര്‍ച്ചെ തലപ്പാറ പെട്രോള്‍ പമ്പിന് മുന്നില്‍നിന്നാണ് സംഘത്തെ പിടികൂടിയത്. പയ്യന്നൂര്‍, കുറ്റ്യാടി, വയനാട് കമ്മളക്കാട്, കാസര്‍കോട് വിജയനഗരം എന്നിവിടങ്ങളിലുള്‍പ്പെടെ 16 സ്ഥലങ്ങളില്‍ ഇവര്‍ മോഷണംനടത്തിയതായി പൊലീസ് പറഞ്ഞു. കമ്പളക്കാട്ടില്‍ തിരുവോണം കേശവന്റെ വീട്ടില്‍നിന്ന് ജൂണ്‍ അഞ്ചിന് 23 പവന്‍ ആഭരണം മോഷ്ടിച്ചിരുന്നു. ആഡംബര വാഹനങ്ങളിലെത്തിയാണ് ഇവര്‍ മോഷണംനടത്തുന്നത്. പൂട്ട് നിമിഷങ്ങള്‍ക്കകം പൊട്ടിക്കുന്നതില്‍ വിദഗ്ധനാണ് 150–ഓളം കേസുകളില്‍ പ്രതിയായ ഷിജു. ഇയാളുടെ സഹായിയായ പതിനാറുകാരന്‍ പൊലീസ് നിരീക്ഷണത്തിലാണ്.

മോഷ്ടിക്കുന്ന ആഭരണങ്ങളടക്കമുള്ളവ വില്‍ക്കുന്നതിന് പ്രധാനമായും സഹായിച്ചിരുന്നത് ഭാസ്കരനാണ്. ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡാണ് ഉപയോഗിച്ചിരുന്നത്. മംഗളൂരു റൂട്ടിലോടുന്ന ബസുകളില്‍ പോക്കറ്റടിക്കുന്നയാളാണ് ഭാസ്കരന്‍. വാഹനം വാടകക്കെടുത്തിരുന്നത് ഇജാസാണ്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.
പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ്ചെയ്തു. അടുത്ത ദിവസംതന്നെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. മലപ്പുറം ഡിവൈഎസ്പി ഷറഫുദ്ദീന്‍, തിരൂരങ്ങാടി സിഐ വി ബാബുരാജ്, എസ്ഐ വിശ്വനാഥന്‍ കാരയില്‍, പൊലീസ് ചീഫിന്റെ സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എം എം അബ്ദുള്‍ അസീസ്, എം സത്യനാരായണന്‍, കെ സിറാജുദ്ദീന്‍, സി സുബ്രഹ്മണ്യന്‍, ടി സബീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.