പരപ്പനങ്ങാടിയില്‍ 20 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി തിരൂരങ്ങാടി സ്വദേശി പിടിയില്‍

പരപ്പനങ്ങാടി: കുഴല്‍പ്പണവുമായി തിരൂരങ്ങാടി സ്വദേശിയെ പിടികൂടി. ഇന്ന് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചാണ് ഇരുപത് ലക്ഷത്തി അറുപത്തൊന്നായിരം രൂപയുമായി തിരൂരങ്ങാടി പാറക്കടവ് സ്വദേശി പാറക്കോട്ടില്‍ അബ്ദുള്‍ റഷീദ് (35) പിടിയിലായത്. രണ്ടായിരം രൂപയുടെ 1030 പുതിയ നോട്ടുകളും, 500 രൂപയുടെ രണ്ട് നോട്ടുകളുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

വ്യത്യസ്തമായ കോഡുഭാഷകള്‍ ഉപയോഗിച്ചാണ് ഇയാള്‍ പണം വിതരണം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൈവശമുള്ള അഞ്ച് രൂപയുടെ സീരിയല്‍ നമ്പര്‍ ആവശ്യക്കാര്‍ക്ക് നേരത്തെ പറഞ്ഞു കൊടുക്കുകയും പിന്നീട് പണം വാങ്ങാനെത്തുന്നവര്‍ ഈ നമ്പര്‍ കൃത്യമായി പറഞ്ഞുകൊടുത്താല്‍ മാത്രമെ ഇയാള്‍ പണം കൈമാറുകയുള്ളു. കൊല്ലം ജില്ല കേന്ദ്രീകരിച്ചാണ് ഇയാള്‍ കൂടുതല്‍ കുഴല്‍പണം വിതരണം നടത്തിയിരുന്നത്. ആര്‍ക്കും സംശയം തോന്നാതിരിക്കാനായി ഇയാള്‍ ഓര്‍ഡിനറി ടിക്കെറ്റെടുത്താണ് ട്രെയിനില്‍ യാത്ര ചെയ്തിരുന്നത്.

മലപ്പുറം ലോക്‌സഭാ ഇലക്ഷനോടനുബന്ധിച്ച് കര്‍ശന പരിശോധന നടത്താനായി മലപ്പുറം പോലീസ് ചീഫ് ദേബേഷ് കുമാര്‍ ബഹ്‌റയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയ്ക്കിടയിലാണ് പ്രതി പിടിയിലായത്.

പരപ്പനങ്ങാടി എസ് ഐ ജിനേഷിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ എസ് ഐ ഷമീര്‍, അഡീഷണല്‍ എസ് ഐ മോഹന്‍ദാസ്, എ എസ് ഐ സുരേന്ദ്രന്‍, റസാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പണത്തിന്റെ സ്രോതസിനെപറ്റി അന്വേഷിച്ച് വരികയാണ്.