ദേശീയപാത പാണമ്പ്രവളവിൽ കാർ മറിഞ്ഞ് എഴുപേർക്ക് പരിക്ക്

തേഞ്ഞിപ്പലം: ദേശീയപാത ചേളാരി പാണമ്പ്ര വളവിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഏഴു പേർക് പരിക്ക്. പരിക്കേറ്റവരെ ചേളാരിയിലെയും, കോഴിക്കോട്ടേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.

കോഴിക്കോട് വട്ടകിണർ ഭാഗത്ത്‌ നിന്ന് കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിലെത്തിയ കാർ ദേശീയപാതയിലെ ഹമ്പ് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട കാർ ഡി വൈഡറിലിടിച്ച് പിന്നിൽ വന്ന ബസ്സിലുമിടിച്ച് റോഡിൽ മറിയുകയായിരുന്നു.കാർ യാത്രക്കാരായ ഫാത്തിമഹന്ന (15), ഹാജറ (35), അജ്നീസ് (എട്ട് ), ഫഹദ് (12), സറീന (38), ആരിഫ (25), അജാസ് (32) എന്നിവർക്കാണ് പരുക്കേറ്റത്.