കൊണ്ടോട്ടിയില്‍ അടയ്‌ക്ക കള്ളന്‍മാര്‍ പിടിയില്‍

Untitled-1 copyകൊണ്ടോട്ടി: അടയ്‌ക്ക കള്ളന്‍മാരെ പിടികൂടി. അടയ്‌ക്ക മോഷണം പതിവാക്കിയ അഞ്ചംഗ സംഘമാണ്‌ പോലീസ്‌ പിടിയിലായത്‌. വിളയില്‍ കുന്നത്ത് ആറില്‍ ശിഹാബുദ്ധീന്‍ (26), കുഴിമണ്ണ വിളയില്‍ സി പി അന്‍വര്‍ (19), വിളയില്‍ മുഹമ്മദ് ഇജാസ് അസ്ളം (19), കീഴിശ്ശേരി ചേറിക്ക ഉസ്മാന്‍ (43), മേലങ്ങാടി പൈപ്പിന്‍ പാടത്ത് ജലാലുദ്ദീന്‍ (39) എന്നിവരെയാണ് അരീക്കോട് അങ്ങാടിയല്‍നിന്ന് കൊണ്ടോട്ടി പൊലീസ് അറസ്റ്റ്ചെയ്തത്.

വാടകയ്ക്കെടുത്ത കാറില്‍ എത്തിയാണ് മോഷണം. വീടുകള്‍ക്ക് പുറത്ത് സൂക്ഷിച്ച അടയ്ക്കയാണ് മോഷ്ടിച്ചത്. ഒരു ലക്ഷത്തിലധികം രൂപയുടെ അടയ്ക്ക ഇവര്‍ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. ഒഴുകൂരിലെ ചോലക്കുന്നിലെ വീട്ടുമുറ്റത്ത് സൂക്ഷിച്ച 40,000 രൂപയുടെ അടയ്ക്ക ഇവര്‍ മോഷ്ടിച്ചു. കുഴിഞ്ഞിളത്തുനിന്ന് ആറ് ചാക്കും വള്ളുവമ്പ്രത്തുനിന്ന് ഏഴ് ചാക്കും മുണ്ടംപറമ്പ് നീറ്റിക്കലില്‍നിന്ന് ഏഴ് ചാക്ക് അടയ്ക്കയും മോഷ്ടിച്ചു.
അരിമ്പ്ര പാലത്തിങ്ങലിലെ വാടകമുറിയിലാണ് അടയ്ക്ക സൂക്ഷിച്ചത്. കൊണ്ടോട്ടി ടൌണിലും എടവണ്ണപ്പാറയിലെ ഒരു കടയിലുമാണ് മോഷ്ടിച്ച അടയ്ക്ക വില്‍ക്കുന്നത്. മോഷണത്തിന് ഉപയോഗിച്ച കാറും ഗുഡ്സ് ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടി എസ്ഐ സദാനന്ദന്‍, എഎസ്ഐമാരായ ജലീല്‍, അഹമ്മദ്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.