കെഎംസിസി പുരസ്‌ക്കാരദാന ചടങ്ങ് കയ്യാങ്കളിയില്‍ കലാശിച്ചു

തേഞ്ഞിപ്പലം: കെഎംസിസി പുരസ്‌ക്കാരദാന ചടങ്ങ് കയ്യാങ്കളിയില്‍ കലാശിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച പുരസ്ക്കാരദാന ചടങ്ങാണ്‌ വാക്കേറ്റത്തിലും കയ്യാങ്കളിയിലും അവസാനിച്ചത്‌. അന്തരിച്ച മുൻ എംപി ഇ .അഹമ്മദിന്റെ പേരിൽ സംഘടിപ്പിച്ച സേവന രത്ന പുരസ്ക്കാര ചടങ്ങിലായിരുന്നു ചേരിതിരിഞ്ഞ പോരാട്ടം .യൂണിവേഴ്സിറ്റി സെമിനാർ കോംപ്ലക്സിൽ  വള്ളിക്കുന്ന് മണ്ഡലം ഗ്ലോബൽ കെ.എം സി സി കമ്മറ്റിയാണ് പുരസ്ക്കാര ദാന ചടങ്ങ് സംഘടിപ്പിച്ചത്.

മുസ്ലിം ലീഗിന്റെ ഗ്രന്ധ കർത്താവായ എം സി വടകരക്കായിന്നു സേവന രത്ന പുരസ്ക്കാരം നല്കേണ്ടിയിരുന്നത്. മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി, കെ.പി എ മജീദ് തുടങ്ങിയവർ പങ്കെടുത്ത വേദിയിലാണ് നാട്ടിലെ ലീഗ് രാഷട്രീയത്തിലെ ഗ്രൂപ്പിസത്തെപോലും കടത്തിവെട്ടി കെ.എം സി സിക്കാർ ഗ്രൂപ്പ് തിരിഞ്ഞ് തുറന്ന പോര് പ്രകടിപ്പിച്ചത്.അലങ്കോലമായി യോഗം ഒടുവിൽ പിരിച്ച് വിടുകയായിരുന്നു.

ഗ്രൂപ്പ്തർക്കം കാരണം പുരസ്ക്കാര ദാന ചടങ്ങ് അലങ്കോലപ്പെടാതിരിക്കാൻ വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് നേതാക്കളായ ഡോ-വി.പി അബ്ദുൽ ഹമീദ്, ബക്കർ ചെർണ്ണൂർ, പി.എം ഷാഹുൽ ഹമീദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിഹാരശ്രമങ്ങൾ നടത്തിയിരുന്നു. സ്വാഗത പ്രഭാഷണ മില്ലാതെയായിരുന്നു ചടങ്ങ് തുടിയത്. നേരത്തെ പ്രോ ഗ്രാം തയ്യാറാക്കിയതനുസരിച്ച് സംഘാടക സമിതി ചെയർമാനെയായിരുന്നു സ്വാഗത പ്രഭാഷണത്തിന് നിശ്ചയിച്ചിരുന്നതത്രെ .ഇതിൽ നിന്ന് ചെയർമാനെ വിലക്കിയതാണ് പ്രശ്നത്തിന് തുടക്കവും ചടങ്ങ് അലങ്കോലമാവാനിടയാക്കിയതും .നന്ദി പ്രസംഗത്തിന്ന് മുമ്പ് വിമത ചേരിയിൽപ്പെട്ടയാൾ പ്രസംഗിക്കാനെഴുന്നേറ്റതോടെ സംഘാടകർ മൈക്ക് ഓഫാക്കി.ഇതിനെ തുടർന്ന് ചടങ്ങ് പരസ്പരം പോർവിളിയോടെയാണ് അവസാനിച്ചത്.നേതാക്കൾ വേദിയിൽ നിന്നും പോയ ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളായ കെ.എം സി സി പ്രവർത്തകർ ചേർന്ന് ജിസിസി കെഎംസിസിക്ക് രൂപം നൽകിയിരുന്നു. ഈ കമ്മറ്റിയിൽ സ്ഥാനം നഷ്ടപ്പെട്ടവർ ചേർന്ന് ഗ്ലോബൽ കെ.എം സി സി എന്ന പേരിൽ മറ്റൊരു സംഘടനക്ക് രൂപം നൽകിയിരുന്നു.ഇവരാണ് യൂണിവേഴ്സിറ്റിയിൽ പുരസ്ക്കാര ദാനചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിന്റെ നടത്തിപ്പുകാരായി പിന്നീട് മറുവിഭാഗം രംഗത്തെത്തിയതാണ് ചേരിതിരിവിനിടയാക്കിയത്. ലീഗ് അനുകൂല പ്രവാസി സംഘടനയാണ് കെ.എം സി സിയെങ്കിലും
മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല ജിസിസി കെ.എം സി സി യും ഗ്ലോബൽ കെ.എം സി സി യും രൂപം കൊണ്ടതെന്നാണ് പ്രധാന പ്രവർത്തകരിൽ നിന്നും ലഭ്യമാവുന്ന വിവരം. ഗ്ലോബൽ കെ.എം സി സി യുടെ ചടങ്ങിൽ പ്രശ്നമുണ്ടാവുമെന്ന് മനസ്സിലാക്കി പലരും പങ്കെടുത്തിരുന്നില്ല.