മലപ്പുറത്ത് കലാപത്തിനുള്ള സംഘപരിവാര്‍ നീക്കം പാളി;പ്രതി പിടിയില്‍

മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുപാടം വില്ലത്ത് മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ തകര്‍ത്ത സംഭവത്തില്‍ പ്രതി പിടിയിലായി. തിരുവനന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് എന്ന ഈശ്വരനുണ്ണി(37)യെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവം നടന്നത് റംസാന്‍ ഒന്നായ ഇന്നലെ ആയതിനാല്‍ ഇതിനു പിന്നില്‍ മുസ്ലിംകള്‍ ആണെന്നായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങളിലെ പ്രചാരണം. സോഷ്യല്‍മീഡിയയിലടക്കം ഈ രീതിയുള്ള പ്രചാരണങ്ങളും ക്യാംപയിനുകളും പടര്‍ന്നുപടിച്ചിരുന്നു. എന്നാല്‍ പ്രതി പിടിയിലായതോടെ കലാപത്തിനു കാരണമായേക്കാവുന്ന തരത്തിലുള്ള കുപ്രചാരണങ്ങള്‍ക്കു തിരിച്ചടി നേരിട്ടിരിക്കുകയാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പൂക്കോട്ടുംപാടത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംഭവസ്ഥലത്ത് എത്തിയ ആര്യാടന്‍ മുഹമ്മദിന്റെ വാഹനം തടഞ്ഞ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ പി വി അന്‍വര്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത സമാധാന യോഗവും അലങ്കോലപെടുത്തിയിരുന്നു. എന്നാല്‍ പൊലീസിന്റെ കൃത്യമായ ഇടപെടലാണ് സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ കാരണം.

ഇന്നലെ പുലര്‍ച്ചെയാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നാലോടെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് ശ്രീകോവിലിന്റെ ഓടിളകിയ നിലയില്‍ കണ്ടത്.

15 വയസ്സില്‍ നാടുവിട്ട ഇയാള്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി സഞ്ചരിക്കുകയായിരുന്നു. ഇപ്പോള്‍ മമ്പാട് പൊങ്ങല്ലൂരിലാണ് താമസം. മൂന്നുവര്‍ഷം മുമ്പാണ് ഇയാള്‍ ഇവിടെയെത്തിയത്. ജനുവരി 19ന് വാണിയമ്പലം ക്ഷേത്രത്തില്‍ നടന്ന സമാനസംഭവത്തിലും ഇയാള്‍ ഉള്‍പ്പെട്ടതായി പൊലീസ് പറഞ്ഞു. കൂടുതല്‍ ചോദ്യംചെയ്യല്‍ തുടരുകയാണ്.