തവനൂര്‍ മഹിളാ മന്ദിരത്തിലെ കല്ല്യാണിക്കും സുഗന്ധിക്കും വിവാഹം

മലപ്പുറം: തവനൂര്‍ മഹിളാമന്ദിരത്തിലെ താമസക്കാരായ കല്യാണിക്കും സുഗന്ധിക്കും സാമൂഹ്യ നീതി സമുച്ചയത്തിലെ ഉത്സവച്ചായ പകര്‍ന്ന ചടങ്ങില്‍ മാംഗല്യം. വധു വരന്‍മാരെ അനുഗ്രഹിക്കാന്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ ടി ജലീല്‍ എന്നിവര്‍ സിഹിതരായിരുന്നു. കല്യാണച്ചടങ്ങില്‍വധുവരന്‍മാരെ കാണാനും ആശിര്‍വദിക്കാനുമായി ആയിരത്തി അഞ്ഞൂറിലധികം പേര്‍ എത്തിയിരുന്നു.

വട്ടംകുളം തെക്കുവീട്ടില്‍ മനോജ് കല്യാണിയെയും എളങ്കൂര്‍ എടക്കാട്ടു വീട്ടില്‍ പ്രഭേഷ് സുഗന്ധിയെയും വരണമാല്യം ചാര്‍ത്തിയത്. സുഗന്ധിയും കല്യാണിയും വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹിളാമന്ദിരത്തില്‍ എത്തിയവരാണ്. സാമൂഹ്യ നീതി വകുപ്പ് വിവാഹ ചെലവുകള്‍ക്കായി രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. ബാക്കി തുക നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും അങ്കണവാടി പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് കണ്ടെത്തിയത്. കല്‍പകഞ്ചേരിയിലെ പുറ്റേക്കാട്ടില്‍ ബ്രദേഴ്‌സ് ആണ് വിവാഹ സദ്യ സ്‌പോസര്‍ ചെയ്തത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ലക്ഷ്മി, വൈസ് പ്രസിഡണ്ട് അഡ്വ. പി പി മോഹന്‍ദാസ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ വി സുഭാഷ് കുമാര്‍, ജ്യോതി പടിക്കല്‍, മുല്ലപ്പള്ളി ബാലചന്ദ്രന്‍, വൃദ്ധമന്ദിരം സൂപ്രണ്ട് പി ഗോപാലകൃഷ്ണന്‍ നായര്‍, മഹിളാമന്ദിരം സൂപ്രണ്ട് സൈനബ എന്‍ ടി എന്നിവര്‍ വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.