യാത്രക്കാരെ വലച്ച് കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്

താനൂര്‍: യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് മണിക്കൂറുകളോളം വഴിയില്‍ പിടിച്ചിട്ടു. താനൂര്‍ സ്റ്റേഷന്‍ കഴിഞ്ഞ ഉടന്‍തന്നെ എഞ്ചിന് തകരാറ് സംഭവിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് ട്രെയിന്‍ പുറകോട്ടെടുത്ത് സ്‌റ്റേഷനില്‍ നിര്‍ത്തിയിടുകയായിരുന്നു. ഇന്ന് രാവി 7.45 ഓടെയാണ് സംഭവം.

ഇതോടെ യാത്ര മുടങ്ങിയ യാത്രക്കാര്‍ ബുദ്ധിമുട്ടിലാവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞ് താനൂരില്‍ സ്റ്റോപ്പില്ലാത്ത മംഗള എക്‌സ്പ്രസിനെ റെയില്‍വേ അധികൃതരുടെ നിര്‍ദേശപ്രകാരം ഇവിടെ നിര്‍ത്തി കുറെ ആളുകളെ ഇതില്‍ കയറ്റിവിടുകയായിരുന്നു.

പിന്നീട് ഷൊര്‍ണൂരില്‍ നിന്ന് മറ്റൊരു എഞ്ചിന്‍ എത്തിച്ച് ട്രെയിനുമായി ഘടിപ്പിച്ച് യാത്ര തുടരുകയായിരുന്നു. ഏകദേശം രണ്ടു മണിക്കൂറിലധികം നേരം വൈകിയാണ് ട്രെയിനിന് യാത്ര തുടരാനായത്.